വായ്പയെടുക്കാന്‍ ചെറുപ്രായക്കാരില്‍ താല്‍പര്യം കൂടുന്നതായി സര്‍വെ ഫലം. 20 വയസാകുമ്പോഴേക്കും ബാങ്ക് ലോണുകള്‍ തേടുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായാണ് ഗവേഷണ സ്ഥാപനമായ പൈസബസാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ക്രെഡിറ്റ് കാര്‍ഡ്, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് കടമെടുക്കാന്‍ താല്‍പര്യപ്പെടുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. വായ്പാ ആവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നവരുടെ പ്രായം പരിശോധിച്ചും സര്‍വെ നടത്തിയുമാണ് ഈ കണ്ടെത്തല്‍.
ഇപ്പോള്‍ 50 വയസ് പ്രായമുള്ളവര്‍ ജീവിതത്തില്‍ ആദ്യമായി വായ്പക്ക് ശ്രമിച്ചത് 30-40 വയസിനിടയിലായിരുന്നു. എന്നാല്‍ 1990 ന് ശേഷമുള്ള തലമുറ 20 വയസ് പിന്നിടുമ്പോള്‍ തന്നെ വായ്പക്ക് ശ്രമിക്കുന്നു. കടമെടുക്കുന്നതില്‍ പുതിയ തലമുറയുടെ മനോഭാവത്തില്‍ വരുന്ന മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, സുരക്ഷിതമല്ലാത്ത വായ്പകളാണ് പുതിയ തലമുറ തേടുന്നത്. 1970 കളില്‍ ജനിച്ചവര്‍ ആദ്യ വായ്പയെടുത്തത് വീട് വെക്കാനോ, വാഹനം വാങ്ങാനോ ആയിരുന്നെങ്കില്‍ ഇന്നത്തെ യുവാക്കള്‍ ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നിവയാണ് കൂടുതലായി അന്വേഷിക്കുന്നത്.
യുവാക്കള്‍ക്കിടയില്‍ ബിസിനസ് വായ്പക്കും ഭവന വായ്പക്കും ആവശ്യക്കാര്‍ കൂടുന്നുണ്ട്. ഭവന വായ്പ തേടുന്നവരുടെ ശരാശരി വയസ് ഇപ്പോള്‍ 28 ആണ്. ബിസിനസ് ലോണ്‍ ആവശ്യക്കാരുടെ ശരാശരി വയസ് 42 ല്‍ നിന്ന് 27 ലേക്ക് കുറഞ്ഞു. എംഎസ്എംഇ വായ്പ പോലുള്ള വായ്പകള്‍ക്ക് കൂടുതല്‍ യുവാക്കള്‍ അപേക്ഷിക്കുന്നത് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. 20 വയസ് പിന്നിടുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകളിലൂടെയുള്ള വാങ്ങലുകള്‍ക്ക് യുവാക്കള്‍ മുന്നോട്ടു വരുന്നുണ്ട്.
(വായ്പാ പ്രവണതയെ കുറിച്ചുള്ള വിവരം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വാര്‍ത്ത. വായ്പയെടുക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല)
Read DhanamOnline in English
Subscribe to Dhanam Magazine