Industry

ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ പച്ചക്കൊടി; മദ്യ വിതരണം ഈ ആഴ്ച തുടങ്ങിയേക്കും

Dhanam News Desk

സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓണ്‍ലൈനായി മദ്യം വാങ്ങാനുള്ള കേരള സര്‍ക്കാരിന്റെ ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചു. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചൊവ്വാഴ്ച രാവിലെയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യവിപണനം എന്നുതുടങ്ങുമെന്നതില്‍ ധാരണയാകും.

ആപ്പിന് അനുമതി ലഭിച്ചതിനാല്‍ തന്നെ ഈ ആഴ്ച തന്നെ മദ്യ വിതരണം ആരംഭിക്കാനുള്ള സജീകരണങ്ങളായതായാണ് അറിയുന്നത്. എന്നാല്‍ ആപ്പിന്റെ സാങ്കേതിക അനുമതി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവില്‍ വരുന്നതിന് ബാക്കിയുള്ളത്. ആദ്യത്തേത് ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ ഹാംഗ് ആകാതിരിക്കാന്‍ ലോഡിംഗ് ടെസ്റ്റ് നടത്തണം. ഹാക്കിംഗ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തുകയാണ് രണ്ടാമത്തേത്. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുക. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. പ്രായപൂര്‍ത്തിയായവര്‍ എന്നു തെളിയിക്കുന്ന രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി നല്‍കേണ്ടി വരും. ഇതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തില്‍ ഒരു തവണ എന്ന നിലയിലാകും സപ്ലൈ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT