Industry

ഇപ്പോള്‍ വാങ്ങാം, പണം പിന്നീട് മതി പുതിയ ആപ്പുമായി ഭാരത്‌പേ

ഓണ്‍ലൈനിനു പുറമേ ഓഫ്‌ലൈന്‍ ഷോപ്പിംഗിനും ഈ സൗകര്യം ലഭ്യമാക്കും

Dhanam News Desk

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചാരമേറി വരുന്ന 'ബയ് നൗ പേ ലേറ്റര്‍' സൗകര്യമൊരുക്കി പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഭാരത് പേയും. പോസ്റ്റ്‌പേ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സൗകര്യം രാജ്യത്ത് എവിടെയും ഉപയോഗപ്പെടുത്താനാകുമെന്നാണ് കമ്പനി പറയുന്നത്.

പ്ലേ സ്റ്റോറില്‍ നിന്ന് പോസ്റ്റ് പേ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാനാകും. 10 ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പയായി നല്‍കുക. വലിയ തുകയ്ക്കുള്ള ഷോപ്പിംഗില്‍ മാത്രമല്ല, ചെറിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നാണ് ഭാരത് പേ വൃത്തങ്ങള്‍ പറയുന്നത്. ഒരു വര്‍ഷം കൊണ്ട് 300 ദശലക്ഷം ഡോളര്‍ ഇത്തരത്തില്‍ വായ്പയായി അനുവദിക്കുമെന്ന് ഭാരത് പേ പറയുന്നു. ഓണ്‍ലൈനിനു പുറമേ ഓഫ്‌ലൈന്‍ ഷോപ്പിംഗിനും ഇത് പ്രയോജനപ്പെടുത്താനാകും. പോസ്‌റ്റേ പേ കാര്‍ഡുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പിന്നീട് പ്രതിമാസ തവണകളായി പണം നല്‍കിയാല്‍ മതിയാകും. ഉപയോക്താക്കള്‍ക്കായി കാഷ്ബാക്കുകളും റിവാര്‍ഡുകളും കമ്പനി പ്രഖ്യാപിക്കും.

പോസ്റ്റ് പേ ആപ്പ് വഴിയോ കാര്‍ഡ് വഴിയോ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് വാര്‍ഷിക ഫീസോ ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജോ കമ്പനി ഈടാക്കില്ലെന്നും വാഗ്ദാനം നല്‍കുന്നുണ്ട്.

യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോക കപ്പിന്റെ സ്‌പോണ്‍സര്‍മാരിലൊന്നും പോസ്റ്റ് പേ ആണ്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കുന്ന മത്സരങ്ങള്‍ നേരിട്ടു കാണുന്നതിനുള്ള 3500 ലേറെ സൗജന്യ പാസുകള്‍ നേടാനും പോസ്റ്റ് പേ ഇടപാടുകാര്‍ക്ക് അവസരമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT