നിലനില്‍പ്പിനായി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മടിക്കില്ലെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. 21000 കോടി രൂപ അവകാശ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനുള്ള നീക്കം അറിയിച്ചതിനു പിന്നാലെയാണ് ചെയര്‍മാന്റെ പ്രഖ്യാപനം. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
മറ്റുള്ളവരേക്കാള്‍ മുമ്പേ ഒരു കുഞ്ഞു തീരുമാനം എടുക്കുകയാണെന്നും തുടക്കത്തില്‍ 79 പ്ലാനിന്റെയും ചില പോസ്റ്റ് പെയ്ഡ് പ്ലാനുകളുമാണ് വര്‍ധനയ്ക്കായി പരിഗണനയില്ലെന്നും അദ്ദേഹം പറയുന്നു.
ഈ മേഖലയുടെ നിലനില്‍പ്പിന് നിരക്കുകളും ഓരോ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനവും (എആര്‍പിയു) വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് സുനില്‍ മിത്തല്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം എആര്‍പിയു 200 രൂപയിലെത്തിക്കുന്നതിനായാണ് ശ്രമം. ഇത് 300 ല്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഞായറാഴ്ചയാണ് കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അവകാശ ഓഹരി പുറത്തിറക്കുന്ന നടപടിക്ക് അംഗീകാരം നല്‍കിയത്. ഒരു ഓഹരിക്ക് 535 രൂപ നിരക്കിലാണ് ഇത്.
ഇതിലൂടെ സമാഹരിക്കുന്ന തുക 5ജി സേവനങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നത് കമ്പനിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine