Industry

ബിഗ്ബാസ്‌കറ്റില്‍ വന്‍ നിക്ഷേപത്തിന് പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്

അമ്പത് ശതമാനം ഓഹരികളെങ്കിലും ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനാണ് ബിഗ് ബാസ്‌കറ്റിന്റെ നീക്കം.

Dhanam News Desk

ഓണ്‍ലൈന്‍ ഗ്രോസറി രംഗത്തെ മുന്‍നിരക്കാരായ ബിഗ് ബാസ്‌കറ്റിന്റെ പ്രധാന ഓഹരി സ്വന്തമാക്കാനുള്ള കരാറില്‍  ടാറ്റ ഗ്രൂപ്പ് ഉടന്‍ ഒപ്പു വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ വിജയകരമാണെങ്കില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ വമ്പന്മാരടങ്ങിയ ഇന്ത്യയുടെ ഓണ്‍ലൈന്‍ പലചരക്ക് വിപണിയിലെ മത്സരം കടുപ്പിക്കാന്‍ ടാറ്റ കൂടിയെത്തുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ആര്‍ഐഎല്ലും ഫ്‌ളിപ്കാര്‍ട്ടും മേഖലയില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്. ഇതോടൊപ്പം ബിഗ്ബാസ്‌കറ്റിന് എത്തണമെങ്കില്‍ ഈ കരാര്‍ പൊലെയൊന്നേ രക്ഷയാകൂ എന്ന് ഫോറെസ്റ്റര്‍ റിസര്‍ച്ചിലെ സീനിയര്‍ ഫോര്‍കാസ്റ്റ് അനലിസ്റ്റ് സതീഷ് മീന വ്യക്തമാക്കുന്നു. ആലിബാബ പടിയിറങ്ങാന്‍ ഇരിക്കുന്നതിനാല്‍ തന്നെ ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമ്പത് ശതമാനം ഓഹരികളെങ്കിലും ടാറ്റ ഗ്രൂപ്പിന് വില്‍ക്കാനാണ് ബിഗ് ബാസ്‌കറ്റിന്റെ പദ്ധതി. 

കൊറോണ വന്നതോടെ ഓണ്‍ലൈന്‍ ഇ-കൊമേഴ്സിന്റെ ഏറ്റവും വലിയ കേന്ദ്രബിന്ദു പലചരക്ക് ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന വ്യവസായത്തിന്റെ കണക്കുകള്‍ മനസ്സിലാക്കിയാണ് ബിഗ് ബാസ്‌കറ്റ് നീക്കം നടത്തുന്നത്.  2019 നും 2024 നും ഇടയില്‍ മൊത്ത ചരക്ക് വ്യാപാരത്തില്‍ 40% സംഭാവന നല്‍കുകയുണ്ടായി. പലചരക്ക് വിപണിയുടെ ഓണ്‍ലൈന്‍ നുഴഞ്ഞുകയറ്റം നിലവില്‍ 0.5 ശതമാനം മാത്രമാണ്. കേവല വലുപ്പം 2 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2019 ലെ 1.9 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ ഇത 3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് സെപ്റ്റംബറിലെ റെഡ്‌സീര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആയിരത്തിലേറെ ബ്രാന്‍ഡുകളുള്‍പ്പെടുത്തിക്കൊണ്ടും 18,000 ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ ബിഗ് ബാസ്‌കറ്റിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ യൂണികോണായി മാറിയ ബെംഗളൂരു ആസ്ഥാനമായുള്ള ഈ സ്റ്റാര്‍ട്ടപ്പിന് ഓണ്‍ലൈന്‍ പലചരക്ക് വിപണിയില്‍ 50 ശതമാനത്തിലധികം വിപണി വിഹിതമാണുള്ളത്.

ഓണ്‍ലൈന്‍ റീറ്റെയ്ല്‍ മേഖലയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി ആഗസ്റ്റില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കറിയുപ്പ് മുതല്‍ സ്റ്റീല്‍ വരെ വിപണിയിലെത്തിക്കുന്ന കമ്പനിയുടെ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ക്കുകയും ടാറ്റയുടെ ഒരു 'സൂപ്പര്‍ ആപ്പ്' എന്ന് നാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഫാഷന്‍& ലൈഫ്‌സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബില്‍ പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് ആപ്പ്.

ടാറ്റ ഗ്രൂപ്പിനൊപ്പം സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ തേമാസെക്, ജനറേഷന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് എന്നിവയും ബിഗ് ബാസ്‌ക്കറ്റില്‍ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു.  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT