Industry

ബിര്‍ള കോര്‍പറേഷന്‍ നഷ്ടത്തില്‍, എംഡി സ്ഥാനമൊഴിയുന്നു

ഊര്‍ജ്ജ-ഇന്ധന വിലയിലുണ്ടായ വര്‍ധനവാണ് നഷ്ടത്തിലേക്ക് നയിച്ചത്

Dhanam News Desk

എംപി ബിര്‍ള ഗ്രൂപ്പിന്റെ (MP Birla Group) ഫ്ലാഗ്ഷിപ്പ് കമ്പനി ബിര്‍ള കോര്‍പറേഷന്‍ (BCL) നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തി. 56 കോടി രൂപയാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ കമ്പനിയുടെ അറ്റനഷ്ടം. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബിസിഎല്‍ 86 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

സിമന്റ്, ജൂട്ട് നിര്‍മാതാക്കളാണ് ബിസിഎല്‍. ഊര്‍ജ്ജ-ഇന്ധന വിലയിലുണ്ടായ വര്‍ധനവിന് ആനുപാതികമായി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താതിരുന്നത് ലാഭത്തെ ബാധിച്ചെന്ന് ബിസിഎല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ പുതുതായി തുടങ്ങിയ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആവാത്തതും നഷ്ടത്തിന് കാരണമായി. അതേ സമയം കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.3 ശതമാനം ഉയര്‍ന്ന് 2042 കോടി രൂപയിലെത്തി.

EBITDA 51.6 ശതമാനം ഇടിഞ്ഞ് 136 കോടി രൂപയായി. സിമന്റ് വില്‍പ്പന 11.4 ശതമാനം വര്‍ധിച്ച് 3.64 മില്യണ്‍ ടണ്ണിലെത്തി. ജൂട്ട് നിര്‍മാണ വിഭാഗം 13.45 കോടി രൂപയുടെ ലാഭം ആണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 18 കോടിയുടെ ലാഭം ഈ വിഭാഗം നേടിയിരുന്നു. കമ്പനി നഷ്ടം രേഖപ്പെടുത്തിയതോടെ എംഡിയും സിഇഒയുമായ അരവിന്ദ് പതക്ക് രാജി സമര്‍പ്പിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബിസിഎല്‍ അറിയിച്ചിരിക്കുന്നത്. 2022 ഡിസംബര്‍ 31ന് അരവിന്ദ് പതക്ക് സ്ഥാനമൊഴിയും. ബിസിഎല്ലിന്റെ മുഴുവന്‍സമയ ഡയറക്ടര്‍ സന്ദീപ് ഗോസാവും 2023 ജനുവരി ഒന്ന് മുതല്‍ എംഡിയുടെയും സിഇഒയുടെയും പദവി വഹിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT