canva
Industry

ബ്രിട്ടീഷ് കമ്പനിക്കുമേല്‍ വട്ടമിട്ട് പറന്ന് അംബാനിയുടെ റിലയന്‍സും ആരാംകോയും ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍, നടന്നാല്‍ ₹85,000 കോടിയുടെ ഡീല്‍

കാസ്‌ട്രോള്‍ ഇന്ത്യ ഓഹരികളില്‍ മുന്നേറ്റം

Dhanam News Desk

ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബി.പി) കാസ്‌ട്രോള്‍ ലൂബ്രിക്കന്റ് ബിസിനസില്‍ കണ്ണുവച്ച് കമ്പനികളുടെ നീണ്ട നിര. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, ലോണ്‍ സ്റ്റാര്‍സ് ഫണ്ട്‌സ് എന്നിവയെല്ലാം താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരങ്ങള്‍. ഇതേകുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കമ്പനിയുടെ ഒരു ബിസിനസ് യൂണിറ്റ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊട്ടന്‍ഷ്യല്‍ ബയര്‍മാരായ ബ്രൂക്ക് ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സ്റ്റോണ്‍പീക്ക് പാര്‍ട്‌ണേ്‌ഴ്‌സ് എന്നിവര്‍ക്ക് കമ്പനി വിവരങ്ങള്‍ കൈമാറിയതായും സൂചനകളുണ്ട്. ഏകദേശം 800- 1000 കോടി ഡോളറിന്റെ (85,000 കോടി രൂപ) ഡീലായിരിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയായ സൗദി ആരാംകോയും ബിസിനസ് ഭാഗികമായോ പൂര്‍ണമായോ ഏറ്റെടുക്കാന്‍ താത്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം പ്രാരംഭഘട്ടത്തിലാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചു തുടങ്ങിയേക്കും. ചില കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ സ്ഥാപിച്ചുകൊണ്ടും ബിസിനസ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുണ്ട്.

ധനസഹായവുമായി ബാങ്കുകളും

ലേല നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ ബാങ്കുകള്‍ (ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും) ബി.പിയുടെ ബിസിനസ് വാങ്ങാനായി 400 കോടി ഡോളര്‍ വീതം ധനസഹായം നല്‍കാനും പദ്ധതിയിടുന്നുണ്ടെന്നാണ് സൂചനകള്‍. ഡോളര്‍, യൂറോ എന്നിങ്ങനെ വിവിധ കറന്‍സികളിലായി വായ്പ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബി.പിയുടെ കോര്‍പ്പറേറ്റ് പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് കാസ്‌ട്രോള്‍-ബ്രാന്‍ഡിലുള്ള ബിസിനസില്‍ നയപരമായ മാറ്റം വരുത്തുന്നത്. കമ്പനിയുടെ ഏറ്റവും വലിയ ഇന്‍വെസ്റ്ററായ ഇലിയോറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന്‌ നയപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ട്.

എണ്ണ വില കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.പിയുടെ തീരുമാനം. വില കുറയുന്നത് മറ്റ് വിജയകരമായ ആസ്തികളുടെ വില്‍പ്പനയിലേക്ക് നയിക്കും. വാഹനങ്ങള്‍, ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കുള്ള ലൂബ്രിക്കന്റ്‌സ് ഉള്‍പ്പെടെയുള്ളവ അടങ്ങിയതാണ് കാസ്‌ട്രോള്‍ ബിസിനസ്.

വന്‍കിട കോര്‍പ്പറേറ്റുകള്‍ ബി.പിയുടെ ലൂബ്രിക്കന്റ് ബിസിനസില്‍ കണ്ണുവെക്കുന്നുവെന്ന വാര്‍ത്തകള്‍ ഇന്ന് കാസ്‌ട്രോള്‍ ഇന്ത്യ ഓഹരികളുടെ വില ആറ് ശതമാനത്തോളം ഉയര്‍ത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT