Image:dhanam file 
Industry

എങ്ങനെയും ലാഭത്തിലാവണം; കടുത്ത നടപടികളുമായി ബൈജൂസ്

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്

Dhanam News Desk

2023 മാര്‍ച്ചോടെ ലാഭത്തിലാവുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ കടുപ്പിച്ച് പ്രമുഖ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമായ ബൈജൂസ്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബൈജൂസ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഓഫീസിലുള്ള 170 ജീവനക്കാരോടും പിരിഞ്ഞുപോവാന്‍ ബൈജൂസ് ആവശ്യപ്പെട്ടാന്നാണ് വിവരം. ഇതു സംബന്ധിച്ച് ബൈജൂസിലെ ജീവനക്കാര്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കി.

അതേ സമയം ടെക്‌നോപാര്‍ക്കില്‍ 140 ജീവനക്കാരാണ് ഉള്ളതെന്നും എല്ലാവര്‍ക്കും ബംഗളൂരുവിലെ കമ്പനി ഓഫീസിലേക്ക് മാറാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ബൈജൂസ് വ്യക്തമാക്കി. ബംഗളൂരുവിലെ ഓഫീസിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഒരു മാസത്തെ സമയവും ജീവനക്കാര്‍ക്ക് കമ്പനി അനുവദിച്ചിട്ടുണ്ട്. മാറാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ്, ഔട്ട്‌പ്ലെയ്‌സ്‌മെന്റ് സര്‍വീസ്, ഗാര്‍ജന്‍ലീവ് ഉള്‍പ്പടെയുള്ളവ നല്‍കുമെന്നും കമ്പനി പറഞ്ഞു. പിരിഞ്ഞു പോവുന്നവര്‍ക്ക് 12 മാസത്തിനുള്ളില്‍ ഒഴിവുകള്‍ വരുന്ന മുറയക്ക് വീണ്ടും ബൈജ്യൂസില്‍ ചേരാനുള്ള അവസരവും നല്‍കും.

ലാഭത്തിലാവാന്‍ ബൈജ്യൂസിന്റെ പിരിച്ചുവിടല്‍

കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ മേഖലയായിരുന്നു എഡ്‌ടെക്ക്. അതില്‍ മുന്‍പന്തിയില്‍ നിന്നതാവട്ടെ ബൈജൂസും. എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ഫണ്ടിംഗ് മാന്ദ്യവും ബൈജ്യൂസ് അടക്കമുള്ളവയെ പ്രതിസന്ധിയിലാക്കി. 2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കാര്യത്തിലേക്ക് വന്നാല്‍, ഇത് ആദ്യമായല്ല ബൈജ്യൂസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ബൈജ്യൂസിന്റെ ഓഫര്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ പിരിഞ്ഞുപോവുകയോ മാത്രമാണ് ജീവനക്കാരുടെ മുന്നിലുള്ള വഴികള്‍. 2022 തുടങ്ങിയ ശേഷം കമ്പനിയുടെ കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി നിരവധി ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ബൈജ്യൂസിന് കീഴിലുള്ള ഓണ്‍ലൈന്‍ കോഡിംഗ് പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയറിലെ ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1000 പേരാണ് രാജി വെച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ വൈറ്റ്ഹാറ്റില്‍ നിന്ന് 300 ജീവനക്കാരെയും കമ്പനി പറഞ്ഞുവിടുകയും ചെയ്തു. വൈറ്റ്ഹാറ്റിലേതിന് സമാനമായ രീതിയാണ് തിരുവനന്തപുരത്തെ ജീവനക്കാരോടും ബൈജ്യൂസ് സ്വീകരിച്ചിരിക്കുന്നത്.

ആറുമാസത്തിനുള്ളില്‍ 2500 ജീവനക്കാരെ കൂടി പറഞ്ഞുവിടുമെന്ന് ഈ മാസം ആദ്യം ബൈജൂസ് അറിയിച്ചിരുന്നു. ഏകദേശം 50000 ജീവനക്കാരാണ് ബൈജ്യൂസിലുള്ളത്. നിലവില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുകയാണ് കമ്പനി്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തേതിന് സമാനമായി മറ്റ് നഗരങ്ങളിലെ ഓഫീസുകളും കമ്പനി പൂട്ടിയേക്കും. പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 10,000 അധ്യാപകരെയും പുതുതായി നിയമിക്കാന്‍ ബൈജൂസിന് പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT