Industry

ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം; 19,744 കോടി രൂപ അനുവദിച്ച് കേന്ദ്രം

2030ഓടെ പ്രതിവര്‍ഷം 50 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തടയാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്

Dhanam News Desk

ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് (National Green Hydrogen Mission) പ്രാരംഭ അടങ്കല്‍ തുകയായ 19,744 കോടി രൂപയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2021 ലെ 75-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഹരിത ഇന്ധനങ്ങള്‍ക്കായുള്ള ദേശീയ ദൗത്യം ആരംഭിച്ചത്. ഹരിത ഹൈഡ്രജന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും ഇത് നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഘടകമായ ഇലക്ട്രോലൈസറുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന നാല് ഘടകങ്ങള്‍ ഈ ദൗത്യത്തിലുണ്ട്.

ഹരിത ഹൈഡ്രജന്‍ ട്രാന്‍സിഷന്‍ (SIGHT) പ്രോഗ്രാമിനായുള്ള ഇടപെടലുകള്‍ക്കായി 17,490 കോടി രൂപയും പൈലറ്റ് പ്രോജക്റ്റുകള്‍ക്കായി 1,466 കോടി രൂപയും ഗവേഷണത്തിനും വികസനത്തിനും 400 കോടി രൂപയും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 388 കോടി രൂപയും മിഷന്റെ പ്രാരംഭ ചെലവില്‍ ഉള്‍പ്പെടുന്നുവെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം.

ഹൈഡ്രജന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ഉപയോഗവും പിന്തുണയ്ക്കാന്‍ കഴിവുള്ള പ്രദേശങ്ങള്‍ ഹരിത ഹൈഡ്രജന്‍ ഹബ്ബുകളായി കണ്ടെത്തി വികസിപ്പിക്കും. ഹരിത ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് സഹായകമായ ഒരു പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂട് വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദൗത്യത്തിന്റെ നോഡല്‍ വകുപ്പ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയമായിരിക്കും. 5 മെട്രിക് ടണ്‍ ലക്ഷ്യം കൈവരിക്കുന്നതിന്, 125 ജിഗാവാട്ടിന്റെ അനുബന്ധ പുനരുപയോഗ ഊര്‍ജ ശേഷി ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

2030ഓടെ പ്രതിവര്‍ഷം 50 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തടയാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു എനര്‍ജി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എസിഎംഇ ഗ്രൂപ്പ്, റിന്യൂ പവര്‍ എന്നിവയുള്‍പ്പടെ ഊര്‍ജ മേഖലയില്‍ താല്‍പ്പര്യമുള്ള എല്ലാ മുന്‍നിര കമ്പനികളും ഗ്രീന്‍ ഹൈഡ്രജനായി നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ്, ഗ്രീന്‍ ഹൈഡ്രജനില്‍ തങ്ങളുടെ വാഹനവ്യൂഹത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT