Industry

ഡിസംബർ 29 മുതൽ കേബിൾ, ഡിടിഎച്ച് നിരക്കുകളിൽ മാറ്റം 

Dhanam News Desk

ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) യുടെ പുതിയ ചട്ടങ്ങള്‍ ഡിസംബര്‍ 29ന് പ്രാബല്യത്തില്‍ വരും. ഇതോടെ ഡി.ടി.എച്ച്. സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 130 രൂപയിലെത്തും.

ഉപയോക്താക്കള്‍ക്ക് ഇനിമുതൽ ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാം. അതിനായി വ്യത്യസ്ത നിരക്കുകളിലുള്ള ഡി.ടി.എച്ച്. പ്ലാനുകളാണ് ട്രായ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതുമൂലം ഉപഭോക്താക്കളുടെ കേബിൾ ബില്ലിൽ വലിയ വർധനയുണ്ടാകുമെന്നാണ് കേബിൾ, ഡി.ടി.എച്ച്. സേവനദാതാക്കളുടെ വാദം.

ട്രായ് നീക്കത്തിനെതിരെ ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍, സ്റ്റാര്‍ ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവയൊക്കെ മറികടന്നാണ് ട്രായ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്.

ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
  • പുതിയ ചട്ടമനുസരിച്ച് ഉപഭോക്താക്കൾ ആദ്യമായി 100 ചാനലുകൾ തെരഞ്ഞെടുക്കണം. 26 ദൂരദർശൻ ചാനലുകൾ നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തണം.
  • ഇതിന് 130 രൂപയാണ് ചാർജ്. ഒപ്പം 18 ശതമാനം ജിഎസ്ടിയും. നെറ്റ് വർക്ക് കപ്പാസിറ്റി ഫീസ് എന്നായിരിക്കും ഇത് അറിയപ്പെടുക.
  • 20 രൂപ അധികം നൽകിയാൽ സൗജന്യ ചാനലുകളിൽ (FTA category) നിന്ന് 25 ചാനലുകളും കൂടി തെരഞ്ഞെടുക്കാം.
  • മേൽപ്പറഞ്ഞ 125 ചാനലുകളിൽ സൗജന്യവും സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് ഉള്ളതുമായ ചാനലുകൾ ഉണ്ടാകും.
  • ഇതിൽ കൂടുതൽ ചാനലുകൾ വേണമെങ്കിൽ ബ്രോഡ്‌കാസ്റ്റ് കമ്പനികൾ നിശ്ചയിച്ചിരിക്കുന്ന ചാർജ് നൽകി അവ വാങ്ങാം.
  • ഓരോ ബ്രോഡ്‌കാസ്റ്റ് കമ്പനിയോടും അവരുടെ ചാനലുകൾക്ക് പരമാവധി വില (എംആർപി) നിശ്ചയിക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രൂപയ്ക്കും 19 രൂപയ്ക്കും ഇടയിലായിരിക്കണം എംആർപി.
  • പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം രണ്ട് എസ് ഡി ചാനലുകള്‍ക്ക് തുല്യമാണ് ഒരു എച്ച്ഡി ചാനല്‍. ഉപയോക്താക്കള്‍ക്ക് 100 എസ് ഡി ചാനലുകളോ അല്ലെങ്കില്‍ 50 എച്ച്ഡി ചാനലുകളോ തിരഞ്ഞെടുക്കാം.

കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ ചാനലുകള്‍ എന്ന രീതിയാണ് നിലവില്‍ ചാനലുകള്‍ പിന്തുടരുന്നത്. എന്നാൽ പുതിയ ചട്ടങ്ങള്‍ വരുന്നതോടെ ഇതിന് മാറ്റം വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT