Industry

മത്സരം കടുപ്പിക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് പിന്നാലെ അദാനിയുടെ അപ്രതീക്ഷിത 'എന്‍ട്രി'; കേബിള്‍ ആന്‍ഡ് വയേഴ്‌സ് ഓഹരികളില്‍ വന്‍ വീഴ്ച

പോളിക്യാബ് ഓഹരി ഒമ്പതു ശതമാനത്തിലധികം താഴെ

Dhanam News Desk

അദാനി ഗ്രൂപ്പ് കേബിള്‍ ആന്‍ഡ് വയേഴ്‌സ് മേഖലയിലേക്കും കടക്കുന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഈ രംഗത്തെ കമ്പനികളുടെ ഓഹരികളില്‍ വന്‍ വീഴ്ച. പോളിക്യാബ്, കെ.ഇ.ഐ ഇന്‍ഡസ്ട്രീസ്, ഹാവെല്‍സ് ഓഹരികള്‍ ഒമ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

അദാനി എന്റര്‍പ്രൈസിന്റെ വരവ് നിലവിലെ കമ്പനികളുടെ വില്‍പ്പനയെ ബാധിക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ ഇടിവിലാക്കിയത്. ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസിനു കീഴിലുള്ള കച്ച് കോപ്പര്‍ (Kutch Copper Ltd), പ്രണീത വെഞ്ച്വേഴ്‌സുമായി (Praneetha Ventures) ചേര്‍ന്നാണ് പ്രണീത ഇക്കോകേബിള്‍ഡ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം തുടങ്ങുന്നത്. ഇരു കമ്പനികള്‍ക്കും 50 ശതമാനം വീതം ഓഹരികളാണ് സംയുക്ത സംരംഭത്തിലുണ്ടാകുക.

മെറ്റല്‍ ഉത്പന്നങ്ങള്‍, കേബിള്‍ ആന്റ് വയേഴ്‌സ് എന്നിവയുടെ നിര്‍മാണം, മാര്‍ക്കറ്റിംഗ്, വിതരണം, വാങ്ങലും വില്‍പ്പനയും തുടങ്ങിയ കാര്യങ്ങളാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദാനി എന്റര്‍പ്രൈസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. അടുത്തിടെ കച്ച് കോപ്പര്‍ ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷനില്‍ അംഗത്വം നേടിയതായി കമ്പനി അറിയിച്ചിരുന്നു.

ആദിത്യ ബിര്‍ളയ്ക്ക്പിന്നാലെ

കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള അള്‍ട്രാ ടെക് സിമന്റും കേബിള്‍ ആന്റ് വയേഴ്‌സ് മേഖലയിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം തുടര്‍ച്ചയായ ഇടിവിലായിരുന്നു ഈ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍. അതിനിടെയുണ്ടായ പുതിയ പ്രഖ്യാപനം ഓഹരികളെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി,

കെ.ഇ.ഐ ഇന്‍ഡസ്ട്രീസ് ഓഹരി 14.30 ശതമാനം ഇടിഞ്ഞ് 2,89.85 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 28,000 കോടി രൂപയില്‍ താഴെയായി. പോളിക്യാബ് ഇന്ത്യയുടെ ഓഹരികള്‍ രാവിലെ 9.6 ശതമാനം ഇടിഞ്ഞ് 4,920 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം 75,000 കോടി രൂപയ്ക്ക് താഴെയുമായി.

ഹാവെല്‍സ് ഓഹരികളില്‍ ഇടിവ് 5.35 ശതമാനമാണ്. ഇന്നലെ 1,557.40 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരിവില ഇപ്പോള്‍ 1,473.65 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 95,000 കോടി രൂപയില്‍ താഴെയെത്തുകയും ചെയ്തു. ആര്‍.ആര്‍ കേബല്‍ ഓഹരി വില 4.75 ശതമാനം ഇടിഞ്ഞ് 872.80 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 10,000 കോടിക്ക് താഴെയുമെത്തി.

ഫിനോലെക്‌സ് കേബിള്‍സ് 4.75 ശതമാനവും ഡൈനാമിക് കേബിള്‍സ് 4.3 ശതമാനം പ്ലാസ വയര്‍ 2.2 ശതമാനവും ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT