Industry

'ആമസോണ്‍ ചെറുകിടക്കാരെ കൊള്ളയടിക്കുന്നു'! ഇഡിയ്ക്ക് പരാതി നല്‍കി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

2012 ല്‍ ഇന്ത്യയില്‍ ആമസോണ്‍ ആരംഭിച്ചതു മുതല്‍, രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ധിക്കാര പരമായി ലംഘിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സി.എ.ഐ.ടി അറിയിച്ചിട്ടുള്ളത്.

Dhanam News Desk

ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണിനെതിരെ വ്യാപക പരാതിയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി). ഇന്ത്യയില്‍ ആമസോണ്‍ മൂലം ചെറുകിടക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സി.എ.ഐ.ടി കത്തെഴുതിയിട്ടുള്ളച്. രാജ്യത്തെ ചെറുകിട വ്യാപാരികളെ ആമസോണ്‍ കൊള്ളയടിക്കുന്നെന്ന ശക്തമായ ആരോപണമാണ് സിഎഐടി നടത്തിയിട്ടുള്ളത്.

2012 ല്‍ ഇന്ത്യയില്‍ ആമസോണ്‍ ആരംഭിച്ചതു മുതല്‍, നമ്മുടെ രാജ്യത്തെ വ്യാപാര നിയമങ്ങളും ചട്ടങ്ങളും ധിക്കാരപരമായി ലംഘിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി സി.എ.ഐ.ടി അറിയിച്ചു. എഫ്.ഡി.ഐ, ഫെമ നിയമങ്ങള്‍ പാലിക്കാതെ കോടിക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് ആമസോണ്‍ നഷ്ടമുണ്ടാക്കിയെന്നും സി.എ.ഐ.ടി ആരോപിക്കുന്നു. നിരന്തരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടും ആമസോണിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ രാജ്യത്തെ ഏഴു കോടിയോളം വരുന്ന വ്യാപാരികളും തൊഴിലാളികളും പ്രതിഷേധത്തിലാണ്.

കോവിഡ് കാലത്ത് ഇത്രയും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ആമസോണിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടതായി സി.എ.ഐ.ടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍ വാള്‍ പറഞ്ഞു. ഇത് എഫ്.ഡി.ഐ പോളിസി, ഫെമാ ചട്ടങ്ങള്‍ എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ ആമസോണ്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ നിക്ഷേപ കരാറുകളും ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 144500 കോടി രൂപ പിഴ ഈടാക്കണമെന്നും ഇ.ഡിയോട് ആവശ്യപ്പെട്ടതായി ഖണ്ടേല്‍ വാള്‍ അറിയിച്ചു.

ആമസോണ്‍ ഇന്ത്യ മറ്റ് ഉപ കമ്പനികളിലൂടെയും ബിനാമി കമ്പനികളിലൂടെയും രാജ്യത്ത് റീറ്റെയില്‍ വ്യാപാരം നടത്തുന്നത് എങ്ങനെയെന്ന ചോദ്യവും ഖണ്ടേല്‍വാള്‍ മുന്നോട്ട് വയ്ക്കുന്നു. ഇത് എഫ്.ഡി.ഐ പോളിസി, ഫെമാ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപണമുണ്ട്. എംബിആര്‍ടി കമ്പനിയായ മോര്‍ റീട്ടെയില്‍ ലിമിറ്റഡില്‍ ആമസോണ്‍ എങ്ങനെയാണ് നിക്ഷേപം നടത്തിയതെന്നും ഖണ്ടേല്‍വാള്‍ ചോദിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT