Industry

കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കുന്നു; ഫാക്ടിന്റെ ഓഹരി വില ഇനിയും ഉയരുമോ?

ഒന്‍പത് വര്‍ഷത്തിന് ശേഷം ഫാക്ടില്‍ കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കുമ്പോള്‍ ഓഹരി വിലയില്‍ എന്ത് സംഭവിക്കും?

T.S Geena

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (FACT - ഫാക്ട്) 2012 ഒക്ടോബറില്‍ നിര്‍ത്തി വെച്ച കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കുന്നു. ഒരു പെട്രോകെമിക്കല്‍ ഉല്‍പ്പന്നമായ കാപ്രോലാക്ടം വീണ്ടും ഫാക്ടില്‍ ഉല്‍പ്പാദനം തുടങ്ങുന്നത് കമ്പനിയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായേക്കും.

ടയര്‍ കോര്‍ഡ്‌സ്, ഫിഷിംഗ് നെറ്റ്, ഫിലമെന്റ് യാണ്‍, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്‌സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുവായ നൈലോണ്‍ - 6 ന്റെ ഉല്‍പ്പാദനത്തിനാണ് കാപ്രോലാക്ടം ഉപയോഗിക്കുന്നത്.

രാജ്യത്ത് ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ കമ്പനിയും ഫാക്ടും മാത്രമാണ് കാപ്രോലാക്ടം ഉല്‍പ്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം ടണ്‍ കാപ്രോലാക്ടമാണ് ഇന്ത്യയുടെ ഉപഭോഗം. നിലവില്‍ പ്രതിവര്‍ഷം 50,000 ടണ്‍ മാത്രമാണ് ഉല്‍പ്പാദനം. 70,000 ടണ്ണോളം വിയറ്റ്‌നാം, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

ഫാക്ടിന്റെ പുതിയ കാപ്രോലാക്ടത്തിന്റെ ഉല്‍പ്പാദന ശേഷി 50,000 ടണ്ണാണ്. ''ഈ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കാപ്രോലാക്ടത്തിന്റെ കാര്യത്തില്‍ രാജ്യം ഏകദേശം സ്വയംപര്യാപ്തത നേടും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഊന്നല്‍ നല്‍കുന്ന ഒന്നാകും ഇത്. മാത്രമല്ല, കാപ്രോലാക്ടം പ്ലാന്റിലേക്കായി ഫാക്ട് ഇപ്പോള്‍ പുതുതായി 300 പേരെ നിയമിച്ചു. ഫാക്ടിലെ തന്നെ മുതിര്‍ന്ന പ്രൊഫഷണലുകളാണ് ഇവരെ പരിശീലിപ്പിച്ചത്. അതായത് പുതിയ നൂറ് കണക്കിന് തൊഴിലവസരം സൃഷ്ടിക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്,'' അക്യുമെന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍ പറയുന്നു.

വിറ്റുവരവും കൂടും

ബെന്‍സീന്‍, നാഫ്ത എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതോടെ ലാഭക്ഷമത ഇടിഞ്ഞതിനാലാണ് ഫാക്ട് കാപ്രോലാക്ടം ഉല്‍പ്പാദനം 2012 ഒക്ടോബറില്‍ നിര്‍ത്തിവെച്ചത്. പ്രകൃതിവാതകത്തിലേക്ക് ഫാക്ട് മാറിയതും വിദഗ്ധരായ ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ പുതിയ നിയമനം നടത്തിയതും കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുകയായിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഫാക്ടിനുണ്ടായത്. 352 കോടി രൂപ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3,259 കോടി രൂപയായിരുന്നു വിറ്റുവരവ്. തൊട്ടുമുന്‍വര്‍ഷം ഇത് 2,770 കോടി രൂപയായിരുന്നു. ''ഈ സാമ്പത്തിക വര്‍ഷത്തില്‍ ഫാക്ടിന്റെ വിറ്റുവരവ് 1000 കോടി രൂപയെങ്കിലും കൂടുമെന്നാണ് കണക്കുകൂട്ടല്‍. അതില്‍ 700 കോടി രൂപയെങ്കിലും സംഭാവന ചെയ്യുന്നത് കാപ്രോലാക്ടമാകും,'' അക്ഷയ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ 125 രൂപയാണ് ഫാക്ടിന്റെ ഓഹരി വില. കാപ്രോലാക്ടം ഉല്‍പ്പാദനം പുനരാരംഭിക്കുന്നതും അതേ തുടര്‍ന്ന് വിറ്റുവരവിലുണ്ടാകുന്ന വര്‍ധനയും ഫാക്ടിന്റെ ഓഹരി വിലയിലും പ്രതിഫലിക്കും. ഏകദേശം 20-30 ശതമാനം വില വര്‍ധന ഫാക്ട് ഓഹരി വിലയില്‍ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT