Industry

സിഎച്ച്എല്‍ ഹോസ്പിറ്റല്‍സിനെ ഏറ്റെടുത്ത് 'കെയര്‍'

350-400 കോടി രൂപയാണ് ഇടപാട് മൂല്യമെന്ന് റിപ്പോര്‍ട്ടുകള്‍

Dhanam News Desk

കാര്‍ഡിയോളജിയിലും ന്യൂറോ സയന്‍സിലും ശ്രദ്ധേയരായ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള സിഎച്ച്എല്‍ ഹോസ്പിറ്റല്‍സിനെ (CHL Hospitals) ഏറ്റെടുത്ത് ടിപിജി പിന്തുണയുള്ള കെയര്‍ ഹോസ്പിറ്റല്‍സ് (Care Hospitals). മധ്യപ്രദേശില്‍ സ്ഥാപിതമായ ആദ്യത്തെ കോര്‍പ്പറേറ്റ് ആശുപത്രിയായ സിഎച്ച്എല്‍ ഹോസ്പിറ്റല്‍സിനെ 350-400 കോടി രൂപയ്ക്കാണ് ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2001ല്‍ സ്ഥാപിതമായ സിഎച്ച്എല്‍ ഹോസ്പിറ്റല്‍സിന് 250 കിടക്കകളുടെ ശേഷിയുണ്ടെന്നും 150 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ടെന്നും കെയര്‍ ഹോസ്പിറ്റല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

100 കിടക്കകളുള്ള ഒരു സിംഗിള്‍-സ്‌പെഷ്യാലിറ്റി കാര്‍ഡിയാക് ആശുപത്രിയായി 1997-ലാണ് കെയര്‍ ഹോസ്പിറ്റല്‍സ് സ്ഥാപിച്ചത്. ഇന്ന് ഹൈദരാബാദ്, റായ്പൂര്‍, ഭുവനേശ്വര്‍, പൂനെ, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി 15 ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ കെയര്‍ ഹോസ്പിറ്റല്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിഎച്ച്എല്ലുമായുള്ള ഈ പങ്കാളിത്തം കെയര്‍ ഹോസ്പിറ്റലിന്റെ സാന്നിധ്യം രാജ്യത്തിന്റെ നേതൃസ്ഥാനത്ത് എത്തിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജസ്ദീപ് സിംഗ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT