പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ മകനും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ (RHFL) മുന്‍ ഡയറക്ടറുമായ ജയ് അന്‍മോല്‍ അംബാനിക്കെതിരെ സി.ബി.ഐ ക്രിമിനല്‍ കേസ് എടുത്തു. 228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (പഴയ ആന്ധ്രാ ബാങ്ക്) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് കമ്പനി, ജയ് അന്‍മോല്‍ അംബാനി, മുന്‍ സിഇഒ ആയിരുന്ന രവീന്ദ്ര ശരദ് സുധാകര്‍ എന്നിവരും മറ്റ് ചില ഉദ്യോഗസ്ഥരും പ്രതികളാണ്.
യൂണിയന്‍ ബാങ്കില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി 450 കോടി രൂപയുടെ ക്രെഡിറ്റ് ലിമിറ്റ് കമ്പനി നേടിയിരുന്നു. എന്നാല്‍ ഈ പണം അനുവദിച്ച ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റി ചെലവഴിച്ചു എന്നാണ് പ്രധാന ആരോപണം.
അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചതിലൂടെയും ക്രിമിനല്‍ വിശ്വാസവഞ്ചനയിലൂടെയും ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുകയും വകമാറ്റുകയും ചെയ്തുവെന്ന് ബാങ്ക് പരാതിയില്‍ ആരോപിക്കുന്നു.
വായ്പയുടെ തവണകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നതിലും പലിശ നല്‍കുന്നതിലും കമ്പനി വീഴിച വരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, 2019 സെപ്റ്റംബര്‍ 30-ന് ഈ അക്കൗണ്ട് കിട്ടാക്കടമായി (NPA) പ്രഖ്യാപിച്ചു.
2016 ഏപ്രില്‍ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കിയപ്പോള്‍, വായ്പയെടുത്ത ഫണ്ടുകള്‍ വകമാറ്റിയതായി കണ്ടെത്തി. ഇതാണ് ബാങ്കിന് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയത്.
വിശശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ ദുഷ്പ്രവൃത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
ഇതാദ്യമായാണ് ജയ് അന്‍മോലിനെതിരെ സിബിഐ ഔദ്യോഗികമായി ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്. റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പുമായി (ADAG) ബന്ധമുള്ള ഒന്നിലധികം കമ്പനികളില്‍ ഫണ്ട് വകമാറ്റലുകളും വായ്പാ ക്രമക്കേടുകളും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ നിയമ നടപടികള്‍ നടക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസം.
Read DhanamOnline in English
Subscribe to Dhanam Magazine