canva 
Industry

ഹാള്‍മാര്‍ക്കിംഗ് ഇനി ഒന്‍പതു കാരറ്റിനും, പുതുമാറ്റത്തിന് വഴിതുറന്ന് സ്വര്‍ണാഭരണ മേഖല; മാറ്റം ഗുണമോ, ദോഷമോ?

താങ്ങാവുന്ന വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാനുള്ള അവസരം

Dhanam News Desk

രാജ്യത്ത് ഒമ്പത് കാരറ്റ് സ്വര്‍ണം കൂടി ഹാള്‍മാര്‍ക്കിംഗിന്റെ (ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍/HUID) പരിധിയിലേക്ക്. ഇപ്പോള്‍ നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക് പുറമെയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് പരിധിയിലേക്ക് എത്തിയത്. .375% പരിശുദ്ധിയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉണ്ടാവുക.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ IS 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് ഒമ്പത് കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്.

വിലക്കുറവില്‍ ട്രെന്‍ഡാകാന്‍ 9 കാരറ്റ് ആഭരണങ്ങള്‍

നിലവില്‍ 14 കാരറ്റ് മുതലുള്ള സ്വര്‍ണാഭരണങ്ങളാണ് കേരള വിപണിയില്‍ വിറ്റഴിക്കുന്നത്. ഒമ്പത് കാരറ്റിനു ഹാള്‍മാര്‍ക്കിംഗ് വരുന്നതോടെ ഈ ശ്രേണിയിലും ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് എത്തി തുടങ്ങും. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നുമുണ്ട്.

താങ്ങാവുന്ന വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാക്കാന്‍ ഇതു വഴി സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 9,150 രൂപയാണ് വില. ഒമ്പത് കാരറ്റാകുമ്പോള്‍ വില ഗ്രാമിന് 3,750 രൂപയായി കുറയും. കൂടുതല്‍ ആളുകള്‍ക്ക് സ്വര്‍ണാഭരണം വാങ്ങാനും സാധിക്കും. സ്വര്‍ണത്തിന്റെ അളവ് കുറയുന്നതിനാല്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന ആഭരണങ്ങള്‍ ഇതില്‍ നിര്‍മിക്കാനാകും. പുതുതലമുറ ചെലവു കുറഞ്ഞതും താങ്ങാന്‍ കഴിയുന്നതുമായ ആഭരണങ്ങളിലേക്കു മാറുന്നതും സ്വര്‍ണ കവര്‍ച്ചയും മറ്റും കൂടുന്നതുമാണ് സര്‍ക്കാരിനെ 9 കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കിംഗ് ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്.

9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നതായും, സ്വര്‍ണാഭരണ വ്യാപാര-വ്യവസായ മേഖലയില്‍ പുതിയ ചലനങ്ങള്‍ ഉളവാക്കുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

എന്താണ് എച്ച്.യു.ഐ.ഡി?

ജുവലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡിയുടെ ലക്ഷ്യം. ബി.ഐ.എസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി, ആല്‍ഫാന്യൂമറിക് നമ്പര്‍ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി.

ഓരോ സ്വര്‍ണാഭരണത്തിനും എച്ച്.യു.ഐ.ഡി വ്യത്യസ്തമാണ്. ആഭരണം നിര്‍മിച്ചത് എവിടെ, ഹാള്‍മാര്‍ക്ക്‌ ചെയ്തത് എവിടെ തുടങ്ങിയവ എച്ച്.യു.ഐ.ഡിയിലൂടെ അറിയാം.

ജുവലറികള്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്കാണ് എച്ച്.യു.ഐ.ഡി ബാധകം. ഉപയോക്താവിന്റെ പക്കലുള്ള പഴയ സ്വര്‍ണത്തിന് ബാധകമല്ല. ഉപയോക്താവിന്റെ കൈവശമുള്ള എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണം വില്‍ക്കുമ്പോഴും മാറ്റി വാങ്ങുമ്പോഴും വിപണി വില തന്നെ ലഭിക്കും. പണയം വയ്ക്കാനും തടസമില്ല. സ്വര്‍ണാഭരണം വാങ്ങാനായി ഉപയോക്താവ് ചെലവിടുന്ന പണത്തിന് സംരംക്ഷണം ഉറപ്പാക്കാനാണ് എച്ച്.യു.ഐ.ഡി നടപ്പാക്കിയത്. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ കണക്ക് അറിയാനും ഇതു വഴി സര്‍ക്കാരിനു കഴിയും.

ബി.ഐ.എസ് കെയര്‍ ആപ്പിലൂടെയും സ്വര്‍ണത്തിന്റെ പരിശുദ്ധി തിരിച്ചറിയാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT