കൃഷിയിടങ്ങളിൽ കൃഷിക്കൊപ്പം വൈദ്യുതിയും ഉല്‍പാദിപ്പിക്കാൻ കർഷകരെ സഹായിക്കുന്ന പുതിയ പദ്ധതിക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കൃഷിഭൂമിയിൽ സൗരോർജ്ജ പദ്ധതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പദ്ധതി. പുനരുപയോഗ ഊർജ്ജ മന്ത്രാലയവും (MNRE) ധനമന്ത്രാലയവും കൃഷി മന്ത്രാലയവും തമ്മിൽ ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഊർജ്ജ മന്ത്രാലയം സെക്രട്ടറി സന്തോഷ് കുമാർ സാരംഗി വ്യക്തമാക്കി.
നിലവിലുള്ള പിഎം-കുസൂം (PM-KUSUM) പദ്ധതിയിൽ ഉൾപ്പെടുത്തിയാകുമോ അതോ പുതിയ ഒരു പദ്ധതിയായിട്ടാണോ ഇത് നടപ്പിലാക്കുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
ഉയർത്തിയ തറകളിൽ (elevated structures) സോളാർ പാനലുകൾ സ്ഥാപിക്കുകയും അതിന് താഴെ വിളകൾ കൃഷി ചെയ്യുകയും ചെയ്യുന്ന രീതിയാണ് അഗ്രിവോൾട്ടായിക്സ് (Agrivoltaics). ഒരേ ഭൂമിയിൽ നിന്ന് തന്നെ കാർഷിക വിളവെടുപ്പും വൈദ്യുതി ഉല്‍പാദനവും സാധ്യമാക്കുകയാണ് ഈ മാതൃകയിലൂടെ ലക്ഷ്യമിടുന്നത്.
സോളാർ പാനലുകൾ കാരണം സൂര്യപ്രകാശം കുറയുന്നത് വിളകളുടെ വളർച്ചയെ ബാധിക്കാം എന്നതിനാൽ എല്ലാ വിളകളും ഇതിന് അനുയോജ്യമല്ല.
ജപ്പാൻ പോലുള്ള രാജ്യങ്ങൾ നെൽവയലുകൾക്ക് മുകളിൽ അഗ്രിവോൾട്ടായിക്സ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ ആദ്യഘട്ട വിലയിരുത്തലുകൾ പ്രകാരം നെല്ല്, ഗോതമ്പ്, കരിമ്പ് എന്നിവ ഈ രീതിക്ക് അത്ര അനുയോജ്യമല്ലെന്ന് സന്തോഷ് കുമാർ സാരംഗി പറഞ്ഞു.
എന്നാൽ ഇലക്കറികൾ (Green leafy vegetables) ഇതിന് വളരെ അനുയോജ്യമാണെന്ന് കണ്ടെത്തയിട്ടുണ്ട്. സോളാർ പാനലുകൾക്ക് താഴെ വളരുമ്പോൾ ഇലക്കറികളുടെ ഉല്‍പാദനക്ഷമതയിൽ വ്യക്തമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വിളകളുടെ ഇനം, പ്രദേശത്തിന്റെ കാലാവസ്ഥ, സോളാർ പാനലുകളുടെ ഘടന എന്നിവ അനുസരിച്ച് വിളവിൽ മാറ്റങ്ങൾ വരാം.
ഒരു പ്രദേശത്തെ സൗരോർജ്ജ ഉൽപ്പാദന ശേഷി നിർണ്ണയിക്കുന്നത് സൂര്യപ്രകാശത്തിന്റെ അളവ് (Global Horizontal Irradiance - GHI) അടിസ്ഥാനമാക്കിയാണ്.
സൗരോർജ്ജ ലഭ്യതയിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളവും വരുന്നതിനാൽ പദ്ധതി നടപ്പിലായാൽ സംസ്ഥാനത്തെ കർഷകർക്ക് മികച്ച അധിക വരുമാനമാർഗ്ഗമായി ഇത് മാറും. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകുന്ന മലയോര മേഖലകളിലും തോട്ടങ്ങളിലും അഗ്രിവോൾട്ടായിക്സ് മാതൃകകൾ നടപ്പിലാക്കുന്നത് കാർഷിക മേഖലയ്ക്ക് പുതിയ ഊർജ്ജം പകരും.
The Ministry of New and Renewable Energy is framing a scheme to integrate solar panels above agricultural lands without disrupting crop cultivation.
Read DhanamOnline in English
Subscribe to Dhanam Magazine