യു.എസില്‍ ഐഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ചെലവേറിയ പ്രക്രിയയാണ്. തൊഴിലാളികളുടെ ഉയര്‍ന്ന വേതനമാണ് ഇതിനുളള കാരണങ്ങളിലൊന്ന്. ഇതിനെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ് പതിവ്. ചൈനയിലാണ് കൂടുതലായും ഐഫോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പിന്നാലെ ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ വരുന്നു.
എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കം മൂലം ഏറ്റവുമധികം പ്രഹരമായിരിക്കുന്നത് ചൈനയ്ക്കാണ്. ചൈനയുടെ മേല്‍ 145 ശതമാനത്തോളമാണ് താരിഫ് ചുമത്തിയിരിക്കുന്നത്, ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് 245 ശതമാനം വരെ വരും.
ഈ സാഹചര്യത്തില്‍ ചൈനയില്‍ നിര്‍മ്മിച്ച് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ഉയര്‍ന്ന വില നല്‍കേണ്ടിവരും. ഇതിനെ തുടര്‍ന്ന് 2026 അവസാനത്തോടെ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഐഫോണുകളുടെയും ഉല്‍പ്പാദനം ഇന്ത്യയില്‍ നിന്നാക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. എന്നാല്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ ആഘാതമായിരിക്കും രാജ്യത്ത് ഐഫോണ്‍ ഉല്‍പ്പാദനം കുറയ്ക്കുന്ന നടപടി. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ ഫാക്ടറികളില്‍ ജോലി ചെയ്യുന്നത്.
രാജ്യത്ത് ഉണ്ടാകാനിടയുളള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനായി ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള നീക്കങ്ങള്‍ക്ക് തടയിടുകയാണ് ചൈനീസ് അധികൃതര്‍. ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ചൈനയില്‍ നിന്ന് ഐഫോൺ നിർമ്മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍ ഇവ കയറ്റുമതി ചെയ്യുന്നതിനുളള നടപടികള്‍ ചൈനീസ് അധികൃതര്‍ തടയുകയാണ്.
ചൈനീസ് അധികാരികൾ വിശദീകരണമില്ലാതെ ഇന്ത്യയിലേക്കുള്ള ഐഫോൺ ഉപകരണങ്ങളുടെ കയറ്റുമതി വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി യു.എസ് ബിസിനസ് പ്രസിദ്ധീകരണമായ ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ നിർമ്മാണ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനുളള സമയം രണ്ടാഴ്ചയിൽ നിന്ന് നാല് മാസമായി വർദ്ധിപ്പിച്ചിരിക്കുകയാണ്.
ലക്ഷം കോടി ഡോളര്‍ കമ്പനിയെന്ന നേട്ടത്തിലെത്താന്‍ ആപ്പിളിനെ വലിയ തോതില്‍ ചൈനയിലെ ഉല്‍പ്പാദനം സഹായിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഐഫോൺ ഉൽപ്പാദനത്തിന്റെ പകുതിയോളം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനാണ് കമ്പനിക്ക് ഉദ്ദേശമുളളത്.
ഇന്ത്യയില്‍ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണുമാണ് ഐഫോണിന്റെ പ്രധാന ഉല്‍പ്പാദകര്‍. ആഗോള ഐഫോൺ കയറ്റുമതിയുടെ 20 ശതമാനമാണ് നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
Apple's plan to shift iPhone production to India faces hurdles as China delays equipment exports amidst US tariff tensions.
Read DhanamOnline in English
Subscribe to Dhanam Magazine