Image courtesy: Canva
Industry

പാര വെയ്പില്‍ സ്മാര്‍ട്ടാണ് ചൈന! ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലാണ് പുതിയ പ്രയോഗം, നിര്‍ണായക ധാതുക്കളുടെയും ഉപകരണങ്ങളുടെയും വിതരണത്തിന് വിലക്ക്‌

സർക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്ന് കമ്പനികള്‍

Dhanam News Desk

ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന വ്യാപാര നിയന്ത്രണങ്ങളുമായി ചൈന. ഇന്ത്യയുടെ 6,400 കോടി ഡോളർ മൂല്യമുള്ള സ്മാർട്ട്‌ഫോൺ വ്യവസായത്തെ അപകടത്തിലാക്കുന്നതാണ് ചൈനയുടെ നടപടികള്‍. ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ (ICEA) ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന് ഇതുസംബന്ധിച്ച് കത്ത് നല്‍കി. ഇലക്ട്രോണിക്സ് ഉൽപ്പാദനത്തെ തടസപ്പെടുത്തുന്നതും ചെലവ് വർദ്ധിപ്പിക്കുന്നതും ഇന്ത്യയുടെ കയറ്റുമതിക്ക് ഭീഷണി സൃഷ്ടിക്കുന്നതുമാണ് നടപടികള്‍.

ഇതര സാധ്യതകള്‍ക്ക് ഭാരിച്ച ചെലവ്

കഴിഞ്ഞ എട്ട് മാസമായി ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി ചൈന ഗണ്യമായി നിയന്ത്രിച്ചിരിക്കുകയാണ്. ഹെവി-ഡ്യൂട്ടി ബോറിംഗ് മെഷീനുകൾ പോലുള്ള നിർണായക മൂലധന ഉപകരണങ്ങള്‍ക്ക് പൂർണമായ കയറ്റുമതി നിരോധനമോ കസ്റ്റംസ് കാലതാമസമോ നേരിടുകയാണ്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഇതര രാജ്യങ്ങളിൽ നിന്ന് ഇവ ഇറക്കുമതി ചെയ്യുന്നത് 3-4 മടങ്ങ് കൂടുതൽ ചെലവേറിയതാണ്. ഇന്ത്യയുടെ ഉല്‍പ്പാദന ചെലവ് വളരെയേറെ ഉയര്‍ത്തുന്നതാണ് ഇത്.

അപൂർവ ധാതുക്കള്‍

സ്മാർട്ട്‌ഫോണുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രധാന അസംസ്‌കൃത വസ്തുക്കളായ നിർണായക ധാതുക്കളുടെ കയറ്റുമതിയിൽ ചൈന വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അപൂർവ ധാതുക്കളില്‍ ചൈനയ്ക്ക് വലിയ ആധിപത്യമാണ് ഉളളത്. മറ്റൊരു വെല്ലുവിളി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഫാക്ടറികളില്‍ ജോലി ചെയ്യുന്ന ചൈനീസ് സാങ്കേതിക ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത് പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കുന്നതിനും ഈ വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.

വിഷയത്തില്‍ ഇടപെടുന്നതിനും ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായത്തിന് സംരക്ഷണം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കാനായി സർക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഏകദേശം 2,410 കോടി ഡോളറിന്റെ സ്മാർട്ട്‌ഫോൺ കയറ്റുമതിയാണ് 2025 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. ഈ നേട്ടത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ചൈനയുടെ നടപടികളെന്നും കമ്പനികള്‍ മുന്നറിയിപ്പ് നൽകുന്നു.

China imposes export controls on critical components, threatening India’s $6.4 billion smartphone industry.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT