Image courtesy: forbes.com, Canva
Industry

ജയിൽവാസം മുതൽ സമ്പത്തില്‍ ബിൽ ഗേറ്റ്സിനെ മറികടന്ന കുതിപ്പ് വരെ; ചൈനീസ് ക്രിപ്‌റ്റോ മുതലാളിയുടെ അമ്പരപ്പിക്കുന്ന വളർച്ച ഇങ്ങനെ

100 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഈ കമ്പനി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചാണ്

Dhanam News Desk

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോകസമ്പന്നരുടെ പട്ടികയിൽ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ചാങ്‌പെങ് ഷാവോ. ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വര പട്ടിക പ്രകാരം 113 ബില്യൺ ഡോളറാണ് ഷാവോയുടെ നിലവിലെ ആസ്തി. ഇതോടെ ലോകത്തെ ഏറ്റവും ധനികനായ ക്രിപ്റ്റോ വ്യവസായിയായും ലോകസമ്പന്നരിൽ 17-ാം സ്ഥാനക്കാരനായും അദ്ദേഹം മാറി. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസിന്റെ (Binance) സ്ഥാപകൻ എന്ന നിലയിലാണ് CZ എന്ന ഇനീഷ്യലിലൂടെ പരക്കെ അറിയപ്പെടുന്ന ഷാവോ ശ്രദ്ധേയനാകുന്നത്.

സമ്പത്തിലെ കുതിച്ചുചാട്ടം

വെറും ഒരു വർഷത്തിനിടെ ഷാവോയുടെ ആസ്തിയിൽ ഉണ്ടായ വർദ്ധനവ് അത്ഭുതപ്പെടുത്തുന്നതാണ്. 2025 ൽ 47 ബില്യൺ ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തിയാണ് ഇപ്പോൾ 113 ബില്യൺ ഡോളറിലെത്തിയത്. ഇതേസമയം, ബിൽ ഗേറ്റ്സിന്റെ ആസ്തി 103.9 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് സ്ഥാപകൻ മൈക്കൽ ബ്ലൂംബെർഗിനെയും (109.4 ബില്യൺ ഡോളർ) ഷാവോ പിന്നിലാക്കി.

സമ്പത്തിന്റെ പ്രധാന ഇന്ധനം

ഷാവോയുടെ സമ്പത്തിന്റെ പ്രധാന ഉറവിടം അദ്ദേഹം 2017 ൽ സ്ഥാപിച്ച ബിനാൻസ് (Binance) എന്ന കമ്പനിയാണ്. ബിനാൻസിന്റെ ഏകദേശം 90 ശതമാനം ഓഹരികളും ഷാവോയുടെ കൈവശമാണ്. 100 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഈ കമ്പനി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചാണ്. ആഗോള വിപണിയുടെ 38 ശതമാനം പങ്കാളിത്തമുള്ള ബിനാൻസ് പ്രതിവർഷം 30 ട്രില്യൺ ഡോളറിലധികം ഇടപാടുകൾ കൈകാര്യം ചെയ്യുന്നു.

ജയിൽവാസം

ബിനാൻസിന് പുറമെ ഏകദേശം 100 ദശലക്ഷം ഡോളർ മൂല്യമുള്ള 1,400 ബിറ്റ്‌കോയിനുകളും ബിനാൻസിന്റെ സ്വന്തം ക്രിപ്‌റ്റോകറൻസിയായ ബിഎൻബിയും (BNB) അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലെ വീഴ്ചയെത്തുടർന്ന് അമേരിക്കയിൽ നാല് മാസത്തെ ജയിൽവാസമനുഭവിച്ച് പുറത്തിറങ്ങി 17 മാസങ്ങൾക്കപ്പുറമാണ് ചാങ്‌പെങ് ഷാവോയുടെ ഈ വലിയ നേട്ടം. നിയമപരമായ വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണിയിലുണ്ടാകുന്ന കുതിച്ചു ചാട്ടമാണ് ഷാവോയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT