Industry

വാക്സിന്‍ കുതിപ്പ്: ചൈനീസ് കമ്പനി ഉടമ അതിസമ്പന്ന ഗ്രൂപ്പില്‍ മുന്‍ നിരയിലേക്ക്

Dhanam News Desk

കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള യത്‌നത്തില്‍ മുന്നേറുന്നുവെന്ന വാര്‍ത്തയുടെ ബലത്തില്‍ ചൈനീസ് ബയോ ടെക് കമ്പനിയുടെ ഓഹരി വില അതിവേഗം കുതിച്ചപ്പോള്‍ മുഖ്യ പ്രൊമോട്ടറുടെ സ്ഥാനം ലോകത്തിലെ 500 സമ്പന്നരുടെ പട്ടികയില്‍ ഏറെ മുന്നിലെത്തി.ഈ വര്‍ഷം 256 ശതമാനം ഉയര്‍ച്ചയാണ് ചോങ്കിംഗ് ഷിഫെ ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കമ്പനി ഓഹരി വിലയ്ക്കുണ്ടായത്. 

വാക്സിന്‍ ക്ലിനിക്കല്‍ ഹ്യൂമന്‍ ടെസ്റ്റിംഗിന് ചൈനയുടെ മയക്കുമരുന്ന് റെഗുലേറ്റര്‍ അംഗീകാരം നല്‍കിയതായി  ജൂണ്‍ അവസാനം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ചോങ്കിംഗ് ഷിഫെ ഓഹരി വിലയ്ക്കുണ്ടായത് 80 ശതമാനം ഉയര്‍ച്ചയാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം, കമ്പനി ചെയര്‍മാന്‍ ജിയാങ് റെന്‍ഷെങ്ങിന്റെ സമ്പാദ്യം ഇതോടെ 19.3 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ മാത്രം അദ്ദേഹത്തിന്റെ ആസ്തി ഇരട്ടിയായി വര്‍ദ്ധിച്ചു. ഈ വര്‍ഷം 14.3 ബില്യണ്‍ ഡോളര്‍ ആണ് നേട്ടം. 66 കാരനായ ജിയാങ്ങിന്റെ കൈവശമാണ് 56 ശതമാനം  ചോങ്കിംഗ് ഷിഫെ ഉടമസ്ഥത.

സാമൂഹിക ഉത്തരവാദിത്തമാണ്, സമ്പത്തല്ല വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോലെന്ന നിരീക്ഷണം പങ്കുവയ്ക്കാറുള്ള ആളാണ് ജിയാങ്. ഇന്‍ഫ്‌ളുവന്‍സ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ അദ്ദേഹത്തിന്റെ കമ്പനി വില്‍ക്കുന്നു. ഗര്‍ഭാശയ അര്‍ബുദം തടയുന്ന സുപ്രധാന മരുന്നാണ് മറ്റൊന്ന്. കൊറോണ വൈറസ് വാക്‌സിന്‍ 1, 2 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കടന്ന് മൂന്നാം ഘട്ടം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.മറ്റൊരു കോടീശ്വരനെയും ജിയാങിന്റെ കമ്പനി സൃഷ്ടിച്ചു. കമ്പനിയുടെ എട്ട് ശതമാനം ഓഹരിയുള്ള മുന്‍ ഡയറക്ടറായ വു ഗ്വാങ്യാങ് ഈ വര്‍ഷം തന്റെ സമ്പാദ്യം 4.5 ബില്യണ്‍ ഡോളറോടെ ഇരട്ടിയാക്കി.വു 2015 ല്‍ ഷിഫെയുടെ ഡയറക്ടര്‍ ബോര്‍ഡ് വിട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT