Industry

കൊച്ചി വിമാനത്താവളം: ₹267 കോടി റെക്കോഡ് ലാഭം; ഓഹരി ഉടമകള്‍ക്ക് 35% ലാഭവിഹിതം

സിയാലിനെ ഈ വര്‍ഷം ₹1,000 കോടി വരുമാനമുള്ള കമ്പനിയാക്കാന്‍ പദ്ധതികള്‍

Dhanam News Desk

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍/CIAL) 2022-23 സാമ്പത്തിക വര്‍ഷം 267.17 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിത്.

ഓഹരി ഉടമകള്‍ക്ക് 35 ശതമാനം റെക്കോഡ് ലാഭവിഹിതം നല്‍കാന്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. രജത ജൂബിലി ആഘോഷിക്കുന്ന നടപ്പുവര്‍ഷത്തില്‍ (2023-24) കമ്പനിയുടെ വരുമാനം ആയിരം കോടി രൂപയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചു.

സെപ്തംബര്‍ 28ന് നടക്കുന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം ലാഭവിഹിതത്തിന്മേല്‍ അന്തിമ തീരുമാനമെടുക്കും. 25 രാജ്യങ്ങളില്‍ നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.

നഷ്ടത്തില്‍ നിന്ന് ലാഭത്തിന്റെ റണ്‍വേയിലേക്ക്

കൊവിഡും ലോക്ക്ഡൗണും മൂലം വിമാന സര്‍വീസുകള്‍ നിലയ്ക്കുകയും സര്‍വീസുകള്‍ താളംതെറ്റുകയും ചെയ്തതോടെ 2020-21ല്‍ സിയാല്‍ 85.10 കോടി രൂപ നഷ്ടത്തിലേക്ക് വീണിരുന്നു.

തുടര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ചതോടെ 2021-22ല്‍ 22.45 കോടി രൂപയുടെ ലാഭം നേടി. ആ വര്‍ഷം ലാഭംകുറിച്ച ഇന്ത്യയിലെ ഏക വിമാനത്താവളവും കൊച്ചിയായിരുന്നു.

വരുമാനം 770.90 കോടി

2021-22ലെ 418.69 കോടി രൂപയില്‍ നിന്ന് 2022-23ല്‍ സിയാലിന്റെ വരുമാനം  770.90 കോടി രൂപയായി ഉയര്‍ന്നു. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ലാഭം അഥവാ പ്രവര്‍ത്തനലാഭം 521.50 കോടി രൂപയാണ്.

യാത്രക്കാര്‍ 89.29 ലക്ഷം

2022-23ല്‍ 89.29 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 61,232 വിമാന സര്‍വീസുകളും കൊച്ചി വഴി നടന്നു. കമ്പനിയുടെ ഉപസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ടുവെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

സെപ്തംബറില്‍ 5 മെഗാ പദ്ധതികള്‍

അഞ്ച് മെഗാ പദ്ധതികള്‍ക്ക് സെപ്തംബറില്‍ തുടക്കമിടാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ടെര്‍മിനല്‍-3 വികസനത്തിന് കല്ലിടല്‍, പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, ഗോള്‍ഫ് ടൂറിസം പദ്ധതി, ടെര്‍മിനല്‍-2ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മ്മാണം, ടെര്‍മിനല്‍-3ന് മുന്നില്‍ കൊമേഴ്‌സ്യല്‍ സോണ്‍ എന്നിവയ്ക്കാണ് സെപ്തംബര്‍ സാക്ഷിയാവുക. ടെര്‍മിനല്‍-3 വികസനത്തിന് കണക്കാക്കുന്ന ചെലവ് 500 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT