കൊച്ചിൻ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് ലാഭത്തിൽ റെക്കോർഡ്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. ബഹു. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രുപം നൽകി. മറ്റു വിമാനത്താവളങ്ങൾക്കുള്ള കൺസൾട്ടൻസി സർവീസാണ് ഇതിൽ പ്രധാനം. നിക്ഷേപകർക്ക് 55% ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു.
2025-26 സാമ്പത്തിക വർഷത്തിൽ 1220 കോടി രൂപ സിയാൽ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 6.6 ശതമാനമാണ് വർധനവ്. അറ്റാദായം 499 കോടി രൂപയിൽ നിന്ന് 502 കോടിയായി ഉയർന്നു. സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. നിക്ഷേപകർക്ക് 55 % ലാഭവിഹിതമാണ് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തത്. സെപ്റ്റംബറിൽ നടക്കുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമാണിത്.
സിയാലിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങൾ ബോർഡ് കൈക്കൊണ്ടിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങൾക്ക് നൽകുന്ന കൺസൾട്ടൻസി സർവീസ് ആണതിൽ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്.
വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഷ്യൽ വികസനം, റിയൽ എസ്റ്റേറ്റ് മാനേജ്‍മെന്റ് എന്നിവയിൽ മറ്റ് വിമാനത്താവളങ്ങൾക്ക് ആവശ്യമായ കൺസൾട്ടൻസി നൽകുകയാണ് ലക്ഷ്യം.
2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്. ഇതേ കാലയളവിൽ 73,134 വിമാന സർവീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. തുടർച്ചയായ നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളമെന്ന നേട്ടവും സിയാൽ നിലനിർത്തിയിരുന്നു.
ഡയറക്ടർ ബോഡ് യോഗത്തിൽ, ചെയർമാനു പുറമെ, ബോർഡ് അംഗങ്ങളായി ബഹു. മന്ത്രിമാരായ ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. റോജി എം. ജോൺ എന്നിവരും ചുമതലയേറ്റു. ഡയറക്ടർമാരായ, ശ്രീ. ബിശ്വനാഥ് സിൻഹ ഐ. എ. എസ്, ചീഫ് സെക്രട്ടറി, ശ്രീ. ഭരത് ഭൂഷൻ, ശ്രീ. അരുണാ സുന്ദരരാജൻ, ശ്രീ. എം. എ യുസഫ് അലി, ശ്രീ. എൻ. വി ജോർജ്, ശ്രീ. വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine