സിഐഐ കേരള സംഘടിപ്പിച്ച കേരള സംരംഭക വികസന ഫോറം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു സിഐഐ ദക്ഷിണ മേഖല ചെയർപേഴ്സൺ ഡോ.ആർ നന്ദിനി, സിഐഐ ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവർ സമീപം. 
Industry

സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വളരാന്‍ പുതിയ വേദി; സിഐഐ യുടെ കേരള എന്റര്‍പ്രണേഴ്‌സ് ഡെവലപ്മെന്റ് ഫോറത്തിന് തുടക്കം; സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയോടെ ആദ്യ ബാച്ചിലെ 50 സൂക്ഷ്മ സംരംഭകര്‍ക്ക് ബിസിനസുകള്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പരിശീലനം, വ്യവസായ ബന്ധങ്ങള്‍ എന്നിവ ലഭ്യമാക്കും

Dhanam News Desk

കേരളത്തിലെ സൂക്ഷ്മ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നേതൃത്വം നല്‍കുന്ന കേരള എന്റര്‍പ്രണേഴ്‌സ് ഡെവലപ്മെന്റ് ഫോറം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സൂക്ഷ്മ സംരംഭകത്വത്തെ പിന്തുണ്ക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഐഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ എംപ്ലോയ്മെന്റ് ആന്റ് ലൈവ്ലിഹുഡ് സ്ഥാപിച്ച ഫോറം തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്നതിനും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സമഗ്രമായ പിന്തുണ നല്‍കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

സംരംഭങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പിന്തുണ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) സമ്പദ്വ്യവസ്ഥയില്‍ വഹിക്കുന്ന നിര്‍ണായക പങ്ക് മനസിലാക്കി ഇത്തരം സംരംഭങ്ങളെ പിന്തുണക്കുകകയാണ് ഫോറം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായങ്ങളെ സൂക്ഷ്മ സംരംഭകരുമായി ബന്ധിപ്പിക്കുക, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് സൗകര്യമൊരുക്കുക, നൈപുണ്യ വികസനം ത്വരിതപ്പെടുത്തുക, വളര്‍ച്ച കൈവരിക്കാവുന്ന ബിസിനസ് മോഡലുകള്‍ വികസിപ്പിക്കുക എന്നിവയില്‍ ഈ സെന്റര്‍ ഓഫ് എക്‌സലന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കും. മെന്റര്‍ഷിപ്പ്, നെറ്റ്വര്‍ക്കിംഗ്, ശേഷി വര്‍ദ്ധിപ്പിക്കല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സൂക്ഷ്മ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും വ്യവസായ മെന്റര്‍ഷിപ്പ് നേടാനും ബിസിനസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുമുള്ള വേദി ഫോറം ഒരുക്കും.

ആദ്യ ബാച്ചിലെ 50 സംരംഭങ്ങള്‍ക്ക് സഹായം

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയോടെ ആദ്യ ബാച്ചിലെ 50 സൂക്ഷ്മ സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പരിശീലനം, വ്യവസായ ബന്ധങ്ങള്‍ എന്നിവ ലഭ്യമാക്കും. സംരഭകര്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുക നവാസ് മീരാനും, വിനോദ് മഞ്ഞിലയുമാണ്.

വ്യവസായ മന്ത്രി പി രാജീവ്, സിഐഐ ദക്ഷിണ മേഖല ചെയര്‍പേഴ്സണ്‍ ഡോ. ആര്‍ നന്ദിനി, സിഐഐ ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്, സിഐഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിലവിലെ ബിസിനസ് സംരംഭകര്‍ സൂക്ഷ്മ സംരംഭകരെ പിന്തുണച്ച് അടിത്തട്ടില്‍ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തണമെന്ന് സിഐഐ ആഹ്വാനം ചെയ്തു. സൂക്ഷ്മ സംരംഭകത്വ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ നിതിന്‍ യോഗത്തില്‍ പറഞ്ഞു.

സഹകരണത്തിന്റെ പ്രാധാന്യം സിഐഐ പ്രതിനിധികള്‍ വിശദീകരിച്ചു. സെന്ററും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം മുഖ്യമന്ത്രിയില്‍ നിന്ന് തേടുകയും ചെയ്തു. ഈ സംരംഭം ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുമെന്നും തൊഴില്‍ സൃഷ്ടിക്കുമെന്നും കേരളത്തില്‍ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും സിഐഐ ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT