റിലയൻസ് ഇൻഡസ്ട്രീസിന്റെ 'കാമ്പ'യുടെ (Campa) വിപണിയിലെ അതിവേഗ വളർച്ചയെ ചെറുക്കാൻ 26 വർഷങ്ങൾക്ക് ശേഷം 'ഗോൾഡ് സ്പോട്ട്' (Gold Spot) എന്ന ഓറഞ്ച് ഫ്ലേവർ ശീതളപാനീയം തിരികെ എത്തിക്കാൻ പദ്ധതിയുമായി കൊക്കകോള. 1952-ൽ പാർലെ അവതരിപ്പിച്ച ഗോൾഡ് സ്പോട്ട്, 1993-ൽ കൊക്കകോള ഏറ്റെടുക്കുകയും സ്വന്തം ആഗോള ബ്രാൻഡായ ഫാന്റയ്ക്ക് (Fanta) വഴിമാറുന്നതിനായി 2000-ൽ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്ത ഒന്നാണ്.
നിലവിലുള്ള ഫന്റയുമായി നേരിട്ടുള്ള മത്സരം ഒഴിവാക്കാൻ കുറഞ്ഞ പഞ്ചസാരയടങ്ങിയതോ (low-sugar) അല്ലെങ്കിൽ പഞ്ചസാരയില്ലാത്തതോ (no-sugar) ആയ രീതിയിലാണ് പുതിയ ഗോൾഡ് സ്പോട്ട് കൊക്കകോള വിപണിയിലെത്തിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ തന്ത്രം, ഫന്റയുടെ വിപണി വിഹിതത്തെ ബാധിക്കാതെ കൊക്കകോളയ്ക്ക് ഓറഞ്ച് പാനീയ വിഭാഗത്തിൽ കൂടുതൽ സ്ഥാനം കണ്ടെത്താൻ സഹായിക്കും.
കാമ്പയുയർത്തുന്ന വെല്ലുവിളിയും വിപണി സ്ഥിതിയും: 2022-ൽ റിലയൻസ് ഏറ്റെടുത്ത് 2023-ൽ പുനരവതരിപ്പിച്ച കാമ്പ 10 രൂപയുടെ ആകർഷകമായ വില തന്ത്രത്തിലൂടെ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. 2026 സാമ്പത്തിക വർഷത്തിൽ 4,700 കോടി രൂപയോളം മൊത്ത വിൽപ്പന നേടിയ കാമ്പ, ഇന്ത്യയിലെ നാലാമത്തെ വലിയ ശീതളപാനീയ ബ്രാൻഡായി മാറിയിട്ടുണ്ട്. കാമ്പ അടക്കമുള്ള ചെറുകിട ബ്രാൻഡുകളുടെ കുതിപ്പ് കാരണം കൊക്കകോളയുടെയും പെപ്സികോയുടെയും സംയുക്ത വിപണി വിഹിതം 93 ശതമാനത്തിൽ നിന്ന് 85 ശതമാനമായി കുറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ, 30 ലക്ഷത്തിലധികം ഔട്ട്‌ലെറ്റുകളുള്ള റിലയൻസിന്റെ വിതരണ ശൃംഖലയെ മറികടക്കാനും പഴയ ജനപ്രിയ ബ്രാൻഡിന്റെ ഓർമ്മകൾ പ്രയോജനപ്പെടുത്താനുമാണ് കൊക്കകോള ഗോൾഡ് സ്പോട്ടിനെ വീണ്ടും വിപണിയിൽ അവതരിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine