Representational Image from Canva and /Cochin port Logo 
Industry

കൊച്ചി തുറമുഖത്തെ ചരക്കുനീക്കത്തില്‍ മികച്ച വളര്‍ച്ച; ഇനി ലക്ഷ്യം റാങ്കിംഗ് മുന്നേറ്റം

കണ്ടെയ്‌നര്‍ നീക്കം ഇക്കുറി 7 ലക്ഷം ടി.ഇ.യു കടന്നേക്കും

Anilkumar Sharma

കേരളത്തിലെ ഏക മേജര്‍ തുറമുഖമായ കൊച്ചി വഴിയുള്ള ചരക്കുനീക്കത്തില്‍ മികച്ച വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-നവംബറില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 8.34 ശതമാനം വര്‍ധനയോടെ 23.78 മില്യണ്‍ മെട്രിക് ടണ്‍ കൊച്ചി തുറമുഖം കൈകാര്യം ചെയ്തു.

പെട്രോളിയം ഉത്പന്നങ്ങളുടെ (POL) നീക്കം 13.54 ശതമാനം ഉയര്‍ന്ന് 15.06 മില്യണ്‍ മെട്രിക് ടണ്ണായി. കൊച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കത്തില്‍ മുന്തിയപങ്കും വഹിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. കണ്ടെയ്‌നര്‍ നീക്കം ഏപ്രില്‍-നവംബറില്‍ 4.96 ശതമാനം വര്‍ധിച്ച് 4.80 ലക്ഷം ടി.ഇ.യു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്/TEUs) ആയെന്നും കൊച്ചി തുറമുഖ അതോറിറ്റി ട്രാഫിക് വിഭാഗം അധികൃതര്‍ 'ധനംഓണ്‍ലൈനി'നോട് പറഞ്ഞു.

പുതിയ ഉയരങ്ങളിലേക്ക്

കൊച്ചി തുറമുഖം കണ്ടെയ്‌നര്‍ നീക്കം ആരംഭിച്ചതിന്റെ 50-ാം വാര്‍ഷികത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കൊച്ചി തുറമുഖത്ത് നിന്ന് ആദ്യമായി കണ്ടെയ്‌നര്‍ നീക്കം നടന്നത് 1973 നവംബറിലാണ്; എം.വി പ്രസിഡന്റ് ടൈലര്‍ വെസ്സലിലായിരുന്നു അത്.

പ്രതിവര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 2011 ഫെബ്രുവരിയില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ ഡി.പി. വേള്‍ഡിന്റെ നിയന്ത്രണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ലക്ഷ്യം ഇപ്പോഴും വിദൂര സ്വപ്‌നമാണ്. കഴിഞ്ഞവര്‍ഷം (2022-23) വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ICTT) 6.95 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. ഈ വര്‍ഷം നവംബര്‍ വരെയുള്ള ട്രെന്‍ഡ് വിലയിരുത്തിയാല്‍, നടപ്പുവര്‍ഷത്തെ മൊത്തം കണ്ടെയ്‌നര്‍ നീക്കം ഈ റെക്കോഡ് മറികടന്ന് 7 ലക്ഷം ഭേദിച്ചേക്കും.

റാങ്കിംഗ് നല്‍കാന്‍ കേന്ദ്രം

രാജ്യത്ത് സ്വകാര്യ തുറമുഖങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ തുറമുഖങ്ങള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

വിപണിയിലെ സ്വീകാര്യത, ചരക്കുനീക്കം, ആവറേജ് ടേണ്‍ എറൗണ്ട് സമയം, ആവറേജ് ഷിപ്പ് ബെര്‍ത്ത് ഡേ (berth day) ഔട്ട്പുട്ട്, ഓപ്പറേറ്റിംഗ് റേഷ്യോ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാകും റാങ്കിംഗ്.

ഇതുവഴി ആഗോള ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സില്‍ (LPI) 2023ല്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 39-ാം സ്ഥാനത്തെത്തിയിരുന്നു. എല്‍.പി.ഐ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് തുറമുഖങ്ങളുടെ മികവും മത്സരക്ഷമതയും ഉയര്‍ത്താനായി റാങ്കിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രവും ഒരുങ്ങുന്നത്.

ലോകബാങ്ക് പുറത്തുവിട്ട 2022ലെ കണ്ടെയ്‌നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് സൂചികയില്‍ 88-ാം സ്ഥാനമായിരുന്നു കൊച്ചിക്ക്. ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ തുറമുഖങ്ങളേക്കാള്‍ ഉയര്‍ന്ന റാങ്കിംഗാണിത്. സൂചികയില്‍ കൂടുതല്‍ മുന്നേറാനുള്ള പരിശ്രമത്തിലാണ് കൊച്ചി.

ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കും തെക്ക്-കിഴക്കന്‍ ഏഷ്യയിലേക്കുമുള്ള പുതിയ സര്‍വീസ് വല്ലാര്‍പാടത്ത് ആരംഭിച്ചിരുന്നു. വണ്‍ ലൈന്‍ (ONE Line) നിയന്ത്രിക്കുന്ന സിഗ് (SIG) പ്രതിവാര സര്‍വീസാണിത്. ഇതിലെ ആദ്യ വെസലായ എം.വി. സഫീന്‍ പ്രിസത്തിന്റെ (MV Safeen Prism) ഫ്‌ളാഗ് ഓഫ് ഈ മാസാദ്യം നടന്നിരുന്നു.

4 വെസലുകളാണ് സര്‍വീസിലുണ്ടാവുക. മൊത്തം 2,800 ടി.ഇ.യു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യും. സിംഗപ്പൂര്‍ - നവഷേവ - മുന്ദ്ര - ദമാം - ജെബല്‍ അലി - കൊച്ചി - കൊളംബോ - സിംഗപ്പൂര്‍ റൂട്ടിലാണ് സര്‍വീസ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT