Industry

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് വല്ലാര്‍പാടത്തും തൂത്തുക്കുടിയിലുമായി ₹6,000 കോടിയുടെ പുതിയ പദ്ധതികള്‍; ഉപകമ്പനിക്ക് രണ്ട് ലക്ഷ്വറി ക്രൂസ് ഓര്‍ഡര്‍

കൊച്ചി വല്ലാര്‍പാടത്ത് സ്റ്റീല്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റിക്കായി ഏകദേശം 4,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്

Dhanam News Desk

കപ്പല്‍ നിര്‍മാണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (CSL). കപ്പല്‍ നിര്‍മാണവും അറ്റകുറ്റപ്പണി ശേഷിയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വല്ലാര്‍പാടത്തും തമിഴ്നാട്ടിലെ തൂത്തുക്കുടിയുമായി ഏകദേശം 6,000 കോടി രൂപയുടെ പുതിയ പദ്ധതികളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ കപ്പലുകളുടെ നിര്‍മാണത്തിന് കരുത്തുപകരാന്‍ കൊച്ചി വല്ലാര്‍പാടത്ത് സ്റ്റീല്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റിക്കായി ഏകദേശം 4,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. കൂടാതെ, തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാര്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2,000 കോടി രൂപയുടെ മറ്റൊരു യൂണിറ്റും പരിഗണനയിലുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

വല്ലാര്‍പാടത്ത് വന്‍കിട സ്റ്റീല്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ യൂണിറ്റ്

വലിയ കപ്പലുകള്‍ നിര്‍മിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വല്ലാര്‍പാടത്ത് പുതിയ പദ്ധതി വരുന്നത്. നിലവില്‍ കൊച്ചിയില്‍ പുതിയ വലിയ ഡ്രൈ ഡോക്ക് കമ്മീഷന്‍ ചെയ്തിട്ടുണ്ടെങ്കിലും, കൂറ്റന്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള ആവശ്യത്തിന് സ്റ്റീല്‍ ത്രൂപുട്ട് (Steel throughput) പോരാത്ത സാഹചര്യത്തിലാണ് പുതിയ സ്റ്റീല്‍ ബ്ലോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി സ്ഥാപിക്കുന്നത്. കപ്പലുകള്‍ നിര്‍മിക്കുന്നതിനായി സ്റ്റീല്‍ പ്ലേറ്റുകള്‍ ബ്ലോക്കുകളാക്കി മാറ്റി പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനായി കൊച്ചിന്‍ പോര്‍ട്ടില്‍ നിന്നും കേരള സര്‍ക്കാരിന്റെ കീഴിലുമായി ഏകദേശം 78 ഏക്കറോളം ഭൂമി പാട്ടത്തിനെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 3,000 മുതല്‍ 4,000 കോടി രൂപ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നു.

തൂത്തുക്കുടിയിലും പുതിയ നിര്‍മാണ-അറ്റകുറ്റപ്പണി യൂണിറ്റ്

തമിഴ്നാട്ടിലെ വി.ഒ. ചിദംബരനാര്‍ പോര്‍ട്ടില്‍ ചെറുതും ഇടത്തരവുമായ കപ്പലുകളുടെയും ടഗ്ഗുകളുടെയും നിര്‍മാണവും അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ടാണ് പുതിയ യൂണിറ്റ് വരുന്നത്. പ്രാരംഭ ഘട്ടത്തിലെ വിലയിരുത്തലുകള്‍ പ്രകാരം ഇതിനായി 1,500 മുതല്‍ 2,000 കോടി രൂപ വരെ നിക്ഷേപമാണ് കണക്കാക്കുന്നത്. ജര്‍മനി, അമേരിക്ക, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വലിയ കപ്പല്‍ ഓര്‍ഡറുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് ഈ പുതിയ വിപുലീകരണ പദ്ധതികള്‍.

ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുതിയ ലക്ഷ്വറി റിവര്‍ ക്രൂസ് ഓര്‍ഡര്‍

ഇതിനിടയില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഉപകമ്പനിയായ ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുതിയ കപ്പല്‍ നിര്‍മാണ കരാര്‍ ലഭിച്ചു. ഹെറിറ്റേജ് റിവര്‍ ജേര്‍ണീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് രണ്ട് ലക്ഷ്വറി റിവര്‍ ക്രൂസ് വെസലുകളുടെ നിര്‍മാണത്തിനായുള്ള ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

കമ്പനിയുടെ അറിയിപ്പ് പ്രകാരം ഇതൊരു റിപ്പീറ്റ് ഓര്‍ഡറാണ്. മുന്‍പ് 2025 ജൂണില്‍ ഹെറിറ്റേജ് റിവര്‍ ജേര്‍ണീസ് നല്‍കിയ ഓര്‍ഡറിനെ തുടര്‍ന്നാണ് വീണ്ടും പുതിയ വെസലുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരമുള്ള വെസലുകള്‍ യഥാക്രമം 2029 ജൂണിലും 2030 ജൂണിലും കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ കരാര്‍ തുക വ്യക്തമല്ലെങ്കിലും 100 കോടിയ്ക്കും 250 കോടിയ്ക്കും ഇടയിലായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഈ പുതിയ നിക്ഷേപ നീക്കങ്ങളും തുടര്‍ച്ചയായുള്ള കരാറുകളും കേരളത്തിന്റെ സമുദ്ര-വ്യാവസായിക മേഖലയ്ക്ക് വലിയ ഊര്‍ജമാണ് പകരുന്നത്. വല്ലാര്‍പാടത്തെ പുതിയ പ്ലാന്റും സബ്‌സിഡിയറി കമ്പനിയുടെ കപ്പല്‍ നിര്‍മാണ നേട്ടങ്ങളും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൊച്ചിയെ രാജ്യത്തെ പ്രധാന സമുദ്ര ഹബ്ബായി നിലനിര്‍ത്തുന്നതിനും സഹായിക്കും.

Cochin Shipyard is investing ₹6,000 crore for a steel block fabrication facility in Vallarpadam and a repair unit in Thoothukudi, while its subsidiary Hooghly Cochin Shipyard secured a repeat order for two luxury river cruise vessels.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT