അമേരിക്ക, ജര്‍മ്മനി, നോര്‍വേ തുടങ്ങിയ പ്രമുഖ വിദേശ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള വന്‍ ഓര്‍ഡറുകള്‍ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് (CSL) ലഭിച്ചതായി കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും പങ്കാളികളില്‍ നിന്നും വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ മേഖലയുടെ ഉയര്‍ന്ന ഗുണനിലവാരത്തിനും ശേഷിക്കും ലഭിക്കുന്ന ആഗോള അംഗീകാരത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ശ്രദ്ധേയമായ ഈ നേട്ടം പങ്കുവെച്ചത്. ഇന്ത്യയിലെ മറ്റ് കപ്പല്‍ശാലകളുമായി സഹകരിച്ച് കപ്പല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ചില റഷ്യന്‍ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൂന്നാമത് 'സാഗര്‍മന്ഥന്‍ - ദി ഓഷ്യന്‍ ഡയലോഗ്' (3rd Sagarmanthan - The Ocean Dialogue) ഉച്ചകോടിയുടെ ഭാഗമായി സൗദി അറേബ്യ, ബെല്‍ജിയം, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുമായും പ്രതിനിധികളുമായും ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
മ്യാന്‍മറിലെ തീരദേശ കപ്പല്‍ ഗതാഗതം വിജയകരമായി മുന്നേറുന്നതായും സിറ്റ്വെ (Sittwe) തുറമുഖത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും മ്യാന്‍മര്‍ മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
വധാവന്‍ (Vadhavan), ഗലാത്തിയ ബേ (Galathea Bay) തുടങ്ങിയ വന്‍കിട ഇന്ത്യന്‍ തുറമുഖ പദ്ധതികളിലും മാരിടൈം ഡെവലപ്മെന്റ് ഫണ്ടിലും (MDF) നിക്ഷേപം നടത്താന്‍ സൗദി പോര്‍ട്‌സ് അതോറിറ്റി (Mawani) താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുമായി സഹകരിച്ച് കപ്പല്‍ നിര്‍മ്മാണ മേഖല പ്രോത്സാഹിപ്പിക്കാന്‍ ബെല്‍ജിയം തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഗ്രീന്‍ ഷിപ്പിംഗ്, ഗ്രീന്‍ ഫ്യുവല്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി വി.ഒ. ചിദംബരനാര്‍ (VOC) പോര്‍ട്ട് ട്രസ്റ്റ് പോര്‍ട്ട് ഓഫ് ആന്റ്വെര്‍പ്പുമായി (Port of Antwerp) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഇന്ത്യന്‍ മാരിടൈം മേഖലയിലെ മുന്‍നിര സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഈ ഓര്‍ഡറുകള്‍ കേരളത്തിലെ വ്യവസായ, തൊഴില്‍ മേഖലയ്ക്ക് വലിയ ഊര്‍ജ്ജമാകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വലിയ കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ആഗോള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ അനുബന്ധ വ്യവസായങ്ങള്‍ക്കും എം.എസ്.എം.ഇ കള്‍ക്കും (MSME) പുത്തന്‍ വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കും.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ തുറമുഖ, ജലപാത മേഖലകളില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്:
തുറമുഖ ശേഷി 1,561 എം.ടി.പി.എയില്‍ (MTPA) നിന്ന് 2,817 എം.ടി.പി.എ ആയി ഉയര്‍ന്നു. കൈകാര്യം ചെയ്ത ചരക്കിന്റെ അളവ് 1,052 മില്യണ്‍ ടണ്ണില്‍ നിന്ന് 1,668 മില്യണ്‍ ടണ്ണിലെത്തി. ഉള്‍നാടന്‍ ചരക്കുനീക്കം 29 മില്യണ്‍ ടണ്ണില്‍ നിന്ന് 218 മില്യണ്‍ ടണ്ണായി വന്‍തോതില്‍ വര്‍ധിച്ചു.
കണ്ടെയ്‌നര്‍ കപ്പലുകളുടെ ശരാശരി ടേണ്‍എറൗണ്ട് സമയം (Turnaround time) 35 മണിക്കൂറില്‍ നിന്ന് 23 മണിക്കൂറായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില ഇന്ന് രാവിലെ മൂന്ന് ശതമാനത്തിലധികം വര്‍ധിച്ച് 1,241 രൂപയിലെത്തി.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികളില്‍ 26% ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 21% കുറവുണ്ടായപ്പോള്‍, കഴിഞ്ഞ ആറ് മാസത്തിനിടെ 13% ഇടിവാണ് രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine