Industry

കൊഗ്നിസന്റ് 400ലേറെ പേരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടും

Dhanam News Desk

കടുത്ത നടപടികളുമായി വീണ്ടും കോഗ്നിസന്റ്. ഇത്തവണ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ളവരോടാണ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് 200 സീനിയര്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

ഡയറക്റ്റര്‍മാര്‍, സീനിയര്‍ ഡയറക്റ്റര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിലിരിക്കുന്നവരും സീനിയര്‍ മാനേജ്‌മെന്റ് തലങ്ങളിലുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുമ്പ് കമ്പനി 400 സീനിയര്‍ ജീവനക്കാര്‍ക്ക് വോളന്ററി സെപ്പറേഷന്‍ പദ്ധതി നല്‍കിയിരുന്നു. പക്ഷെ ഇപ്പോഴും ടോപ്പ്, മിഡില്‍ മാനേജ്‌മെന്റ് തലങ്ങളില്‍ ആളുകള്‍ കൂടുതലാണെന്ന് കമ്പനി കരുതുന്നു. പുനര്‍വ്യന്യാസം നടത്തി ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടികള്‍.

കൂട്ടപിരിച്ചുവിടല്‍ ഉണ്ടായേക്കാം

ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കില്‍ ഐടി മേഖലയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാമെന്ന് നാസ്‌കോമും മുന്നറിയിപ്പ് തരുന്നു. ''അടുത്ത ആറ്-10 മാസം കൊണ്ട് ബിസിനസ് തിരിച്ചുവന്നില്ലെങ്കില്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കുമെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറയുന്നു.

പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് മിക്ക ക്ലൈന്റ്‌സും അവരുടെ ആഗോളതലത്തിലുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഐടി മേഖല കടുത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുകയാണെന്നും നാസ്‌കോം പറയുന്നു. ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ഓട്ടോമൊബീല്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകള്‍ക്കാണ് ഏറ്റവും പ്രഹരമായത്. ഈ സാഹചര്യം പ്രോജക്റ്റുകളുടെ പുതുക്കല്‍ വൈകുന്നതിലേക്കും ചില പ്രോജക്റ്റുകള്‍ റദ്ദാകുന്നതിലേക്കും വഴിതെളിച്ചു. ഇത് വരും നാളുകളില്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തെ കൂടുതലായി ബാധിച്ചേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT