Industry

കോവിഡ്: എയര്‍ ഇന്ത്യയുടെ നഷ്ടം ഇത്ര വലുതോ?

പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ

Dhanam News Desk

കോവിഡ് മഹാമാരി മൂലം ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് വിമാന സര്‍വീസ്. ആഭ്യന്തര-അന്താരാഷ്ട്ര യാത്രാവിലക്കുകള്‍ കാരണം നിരവധി സര്‍വീസുകളാണ് നിലച്ചത്. ഒപ്പം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഇതിന്റെ ഫലമായി വിമാനക്കമ്പനികളുടെ വരുമാനത്തിലും വലിയ ഇടിവാണുണ്ടായത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യക്ക് 95,00-10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. 2001 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിന് ശേഷം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ നേരിടുന്നത്. കോവിഡ് പ്രതിസന്ധി കൂടിയായപ്പോള്‍ നഷ്ടം കുത്തനെ കൂടി.

എയര്‍ ഇന്ത്യ 2019-20 സാമ്പത്തിക വര്‍ഷം 8,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2018-19ല്‍ ഇത് 8,500 കോടി രൂപയായിരുന്നു. 2017-18ല്‍ 5,300 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതേസമയം പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ. നാഷണല്‍ സ്മാള്‍ സേവിംഗ്‌സ് ഫണ്ട്‌സ് (എന്‍.എസ്.എസ്.എഫ്) ല്‍നിന്ന് 5000 കോടി രൂപയും മൂന്ന് ബാങ്കുകളില്‍നിന്ന് 1,000 കോടി രൂപ വീതവും ഫണ്ട് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

'ഞങ്ങള്‍ക്ക് ഇതിനകം എന്‍.എസ്.എസ്.എഫില്‍ നിന്ന് 4,000 കോടി രൂപ ലഭിച്ചു, ബാക്കി 1,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ലഭിക്കും'' കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കനത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരും തന്നെ ഓഹരികളെടുക്കാന്‍ തയാറാകാതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റസ് (ഐസാറ്റ്‌സ്) ന്റെ 50 ശതമാനം ഓഹരിയുമായിരിക്കും ലേലത്തില്‍ വിജയിക്കുന്ന ബിഡ്ഡറിന് ലഭിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT