Industry

സാമൂഹ്യ പ്രതിബദ്ധത ബിസിനസുകളുടെ ഡിഎന്‍എ ആകണം

Dhanam News Desk

സാമൂഹ്യ പ്രതിബദ്ധത (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി - സിഎസ്ആര്‍) ഏതൊരു ബിസിനസിന്റെയും കമ്പനിയുടെയും ഡിഎന്‍എ ആയിരിക്കണമെന്ന് നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഐഎഫ്എസ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രഥമ ഓള്‍ കേരള സിഎസ്ആര്‍ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സിഎസ്ആര്‍ നയത്തിലെ മാനദണ്ഡമനുസരിച്ച് ലാഭത്തിന്റെ രണ്ടുശതമാനം സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെയ്ക്കുന്നതില്‍ കാര്യമില്ല. മറിച്ച് ഓരോ ബിസിനസും കമ്പനിയും അങ്ങേയറ്റം സാമൂഹ്യപ്രതിബദ്ധതയോടെ മുന്നോട്ടു പോകണം. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഒരു ബിസിനസും ചെയ്യാന്‍ പാടില്ല. അതുപോലെ തന്നെ ജീവനക്കാരുടെ എല്ലാവിധത്തിലുമുള്ള ഉന്നമനം ഉറപ്പാക്കണം. ബാല്യവേല സ്വന്തം സ്ഥാപനത്തില്‍ മാത്രമല്ല, ബിസിനസുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. അഴിമതി പാടില്ല. അങ്ങേയറ്റം ഉയര്‍ന്ന തലത്തിലുള്ള സുതാര്യത എല്ലാ രംഗങ്ങളിലും ഉറപ്പാക്കണം. ഇങ്ങനെ വിശാലമായ തലത്തില്‍ നിന്നു വേണം ബിസിനസുകളും കമ്പനികളും സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തേണ്ടതെന്ന് വേണു രാജാമണി അഭിപ്രായപ്പെട്ടു.

പ്രതിവര്‍ഷം 12,000 കോടി രൂപയാണ് രാജ്യത്ത് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ താരതമ്യേന സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക വിനിയോഗിക്കപ്പെടുന്നതെന്നും വ്യക്തമാക്കി. ''സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടന്നെത്തേണ്ടതുണ്ട്. മാത്രമല്ല, വിതരണം ചെയ്യപ്പെടുന്ന തുക അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്നതും ഉറപ്പാക്കണം,'' വേണു രാജാമണി അഭിപ്രായപ്പെട്ടു.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി - സിഎസ്ആര്‍ - എന്നതിലുപരിയായി ഓരോ വ്യക്തിക്കും സാമൂഹ്യപ്രതിബദ്ധത ( Individual social responsibility - ISR) വേണമെന്ന് ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കവേ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. ''എന്റെ സ്ഥാപനത്തിലെ ജീവനക്കാരോട് ഞാനെന്നും ഇന്‍വിഡ്വല്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, ഐഎസ്ആര്‍, പുലര്‍ത്താനാണ് പറയുക. ബിസിനസ് ചെയ്യുമ്പോള്‍ നാം എല്ലാ അര്‍ത്ഥത്തിലും ബിസിനസ് ചെയ്യുക തന്നെ വേണം. പക്ഷേ നല്ലൊരു ഹൃദയം എല്ലായ്‌പ്പോഴും വേണം. സമൂഹത്തിനു വേണ്ട ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നല്‍കാന്‍ ഓരോ വ്യക്തിയും തയാറാകണം. അതിനുള്ള മനോഭാവവും വേണം,'' കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

സിഎസ്ആറിനെ കുറിച്ച് ചിന്തിക്കുമ്പോള്‍, സമൂഹത്തില്‍ വന്‍ സ്വാധീനം ചെലുത്തുന്ന പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു. ''സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ഒന്ന് അതിന്റെ സ്വാധീനം. രണ്ട് അതിന്റെ കാര്യക്ഷമത. സമൂഹത്തില്‍ ചികിത്സാ സഹായം വേണ്ടവര്‍ക്ക് അത് നല്‍കുക പോലുള്ള കാര്യങ്ങള്‍ നല്ലത് തന്നെയാണ്. പക്ഷേ, ഒരു വലിയ സമൂഹത്തിന്, ജനതയ്ക്ക് വന്‍തോതില്‍ ഗുണകരമാകുന്ന പദ്ധതികള്‍ക്കാകണം മുന്‍തൂക്കം നല്‍കേണ്ടത്. മാത്രമല്ല, അവ അങ്ങേയറ്റം കാര്യക്ഷമമായി നടപ്പാക്കപ്പെടുകയും വേണം,'' നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ സിഎസ്ആര്‍ പദ്ധതിയായി നടപ്പാക്കാന്‍ ഒരുങ്ങുന്ന മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം സൃഷ്ടിക്കുന്നതു പോലുള്ള പദ്ധതികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ വന്‍തോതില്‍ അത് നമ്മുടെ സമൂഹത്തിന് ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ബാഗ്ലൂര്‍ നഗരത്തില്‍ വലിയ തലവേദനയായിരുന്ന സിഗ്നല്‍ പ്രശ്‌നം വെറും ഏഴ് ദിവസം കൊണ്ട് ടണല്‍ ബോക്‌സുകള്‍ സ്ഥാപിച്ച് അവിടുത്തെ സിറ്റി കണക്റ്റ് ഗ്രൂപ്പ് പരിഹരിച്ചു. ഇതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സമൂഹത്തിലും വേണ്ടത്,'' അദ്ദേഹം പറഞ്ഞു.

(കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സിഎസ്ആര്‍ കോണ്‍ക്ലേവില്‍ കോര്‍പ്പറേറ്റുകളും എന്‍ജിഒകളും വിവിധ രംഗങ്ങളില്‍ നടത്തുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് സിഎസ്ആര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT