ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് മേഖല അതിവേഗം വളരുമ്പോൾ, ഉപഭോക്തൃ-ഭക്ഷ്യസുരക്ഷയും തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ഡാർക്ക് സ്റ്റോറുകൾക്ക് ശാസ്ത്രീയ സംഭരണ മാനദണ്ഡങ്ങൾ നിർബന്ധമാക്കണമെന്ന് എ.ഐ.സി.പി.ഡി.എഫ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. തകര ഷെഡ്ഡുകളിൽ ഭക്ഷ്യവസ്തുക്കളും കെമിക്കലുകളും ഒരുമിച്ച് അടുക്കിവെക്കൽ, വായുസഞ്ചാര-ശുചിത്വക്കുറവ് എന്നിവ ഗുരുതര ഭീഷണിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് (Quick Commerce) മേഖല ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ അതിവേഗം വളരുമ്പോഴും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന 'ഡാർക്ക് സ്റ്റോറുകളുടെ' (Dark Stores) അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലി ആശങ്ക ശക്തമാകുന്നു. ഉപഭോക്തൃ സുരക്ഷ, ഭക്ഷ്യസുരക്ഷ, ജീവനക്കാരുടെ സുരക്ഷിതത്വം എന്നിവ മുൻനിർത്തി ഡാർക്ക് സ്റ്റോറുകൾക്ക് ശാസ്ത്രീയമായ വിസ്തീർണ്ണ-സംഭരണ മാനദണ്ഡങ്ങൾ നിർബന്ധമാക്കണമെന്ന് എഫ്.എം.സി.ജി വിതരണക്കാരുടെ ദേശീയ സംഘടനയായ എ.ഐ.സി.പി.ഡി.എഫ് (All India Consumer Products Distributors Federation) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ 86 സ്ഥാപനങ്ങളിൽ മഹാരാഷ്ട്ര എഫ്.ഡി.എ നടത്തിയ പരിശോധനയിൽ താപനില നിയന്ത്രണം, ശുചിത്വം, കീട നിയന്ത്രണം എന്നിവയിലെ വീഴ്ചകൾ കണ്ടെത്തി 14 ഫുഡ് ബിസിനസ് ലൈസൻസുകൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയരുന്നത്. അടിസ്ഥാന ക്രമീകരണങ്ങളില്ലാത്ത ഡാർക്ക് സ്റ്റോറുകൾ ഭക്ഷ്യസുരക്ഷയ്ക്കും തൊഴിലാളികളുടെ സുരക്ഷയ്ക്കും വ്യാപാര മേഖലയ്ക്കും വലിയ ഭീഷണിയാകുന്നുവെന്ന് എ.ഐ.സി.പി.ഡി.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് എ. മുജിബുർ റഹ്മാൻ ധനം ഓൺലൈനോട് പറഞ്ഞു.
ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനമില്ലാത്ത, ഓൺലൈൻ ഓർഡറുകൾ മാത്രം പാക്ക് ചെയ്ത് നൽകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചെറിയ വെയർഹൗസുകളാണ് ഡാർക്ക് സ്റ്റോറുകൾ. മിനിറ്റുകൾക്കുള്ളിൽ ഡെലിവറി സാധ്യമാക്കാൻ റെസിഡൻഷ്യൽ മേഖലകളോട് ചേർന്നാണ് ഇവ പൊതുവേ പ്രവർത്തിക്കുന്നത്. പരമ്പരാഗത വെയർഹൗസുകളിൽ നിന്നും വ്യത്യസ്തമായി പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, കെമിക്കൽ-പെഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള ആയിരക്കണക്കിന് സാധനങ്ങളാണ് പരിമിതമായ സ്ഥലത്ത് ഒരേസമയം സൂക്ഷിക്കുന്നത്.
ക്വിക്ക് കൊമേഴ്സ് സംവിധാനങ്ങളുടെ അതിവേഗ വളർച്ച ഗുരുതരമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. അപര്യാപ്തമായ സ്ഥലത്ത് 60,000 മുതൽ 70,000 വരെ ഉത്പന്നങ്ങൾ (SKUs) കുത്തിനിറയ്ക്കുന്ന സാഹചര്യം പല ഡാർക്ക് സ്റ്റോറുകളിലും നിലനിൽക്കുന്നു. ഇത് അശാസ്ത്രീയമായ അടുക്കിവെക്കലിനും തൊഴിലാളികളുടെ സുരക്ഷാപ്രശ്നങ്ങൾക്കും ഇടയാക്കുന്നു. വായുസഞ്ചാരമില്ലായ്മ, ശുചിത്വക്കുറവ്, കീടങ്ങളുടെ ശല്യം, പരിശോധനകളിലെ ബുദ്ധിമുട്ടുകൾ എന്നിവയും പ്രധാന വെല്ലുവിളികളാണ്. പല സ്റ്റോറുകളിലും ഭക്ഷ്യവസ്തുക്കൾ തകര ഷെഡ്ഡുകളിൽ നിർമ്മിച്ച താത്കാലിക കെട്ടിടങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇത് ഉത്പന്നങ്ങൾ വേഗത്തിൽ കേടാകുന്നതിനും കാരണമാകുന്നു.
നിലവിൽ ഡാർക്ക് സ്റ്റോറുകളുടെ വിസ്തീർണ്ണവും അവ കൈകാര്യം ചെയ്യുന്ന സാധനങ്ങളുടെ അളവും തമ്മിൽ ശാസ്ത്രീയമായ അനുപാതങ്ങളില്ല. ഈ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് എ.ഐ.സി.പി.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഇതിലെ പ്രധാന പരിഹാര നിർദേശങ്ങൾ എ. മുജിബുർ റഹ്മാൻ സൂചിപ്പിച്ചത് ചുവടെ ചേർക്കുന്നു.
ശാസ്ത്രീയ മാനദണ്ഡങ്ങൾ: സ്റ്റോക്കുകളുടെ അളവിനനുസരിച്ച് സ്റ്റോറുകളുടെ മിനിമം സംഭരണ വിസ്തീർണ്ണം നിശ്ചയിക്കുന്ന ഫോർമുല നടപ്പിലാക്കണം. എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസിൽ സ്റ്റോറുകളിലെ സംഭരണ വിസ്തീർണ്ണവും അതിനുള്ളിൽ സൂക്ഷിക്കാവുന്ന പരമാവധി ഉത്പന്നങ്ങളുടെ അളവും (SKU) രേഖപ്പെടുത്തണം.
ഉത്പന്നങ്ങളുടെ വേർതിരിവ്: ഭക്ഷ്യവസ്തുക്കളും വീട്ടുപയോഗ സാധനങ്ങളും കെമിക്കൽ ഉത്പന്നങ്ങളും ഇടകലർത്തി സൂക്ഷിക്കുന്നത് ഒഴിവാക്കാൻ കൃത്യമായി വേർതിരിച്ച ഇടങ്ങൾ (Space) നിർബന്ധമാക്കണം.
അടിസ്ഥാന സൗകര്യങ്ങൾ: വായുസഞ്ചാരം, ശുചിത്വം, താപനില നിയന്ത്രണം, അഗ്നിരക്ഷാ മുൻകരുതലുകൾ എന്നിവ കർശനമായി പാലിക്കണം.
പെരിഷബിൾ സാധനങ്ങളുടെ സൂക്ഷിപ്പ്: താൽക്കാലിക തകര ഷെഡ്ഡുകളിൽ വേഗത്തിൽ കേടാവുന്ന ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത് പൂർണമായി നിരോധിക്കണം. ശാസ്ത്രീയ മാനദണ്ഡങ്ങളോടെ കൃത്യമായ വെന്റിലേഷൻ, ശീതികരണ സംവിധാനങ്ങൾ ഉള്ള ഇടങ്ങളിൽ മാത്രമേ ഇവ അനുവദിക്കാവൂ.
വിദേശ ഫണ്ടുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികൾ ഡാർക്ക് സ്റ്റോറുകൾ വഴി ഇൻവെന്ററി അടിസ്ഥാനമാക്കിയുള്ള ക്വിക്ക് കൊമേഴ്‌സ് നടത്തുന്നത് ഇന്ത്യയിലെ പ്രത്യക്ഷ വിദേശ നിക്ഷേപ (FDI) നയത്തിന് അനുയോജ്യമാണോ എന്നതിൽ വ്യക്തത വരുത്താൻ കൊമേഴ്‌സ് മന്ത്രാലയത്തോടും എ.ഐ.സി.പി.ഡി.എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പുതിയ സംഭരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ നടത്തിപ്പ് ചെലവ് (Operating Cost) വർധിപ്പിച്ചേക്കാം. എങ്കിലും സേവന വേഗതയേക്കാൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് എ. മുജിബുർ റഹ്മാൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഡാർക്ക് സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ക്വിക്ക് കൊമേഴ്സ് മേഖലയിൽ നിന്നും ഉയരുന്ന അനാരോഗ്യകരമായ ബിസിനസ് പ്രവണതകൾക്ക് തടയിടുന്നതിനുമുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി വി.ഡി സതീശൻ മുമ്പാകെ എ.ഐ.സി.പി.ഡി.എഫിന്റെ സംസ്ഥാന ഘടകം സമർപ്പിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine