Industry

പകുതിയിലധികം സീറ്റുകള്‍ സൗജന്യം, കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരിക്കാം; വിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

വിമാനയാത്ര കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

Dhanam News Desk

രാജ്യത്തെ വ്യോമയാന മേഖലയില്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്ന നിര്‍ണായക പരിഷ്‌കാരങ്ങളുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. ടിക്കറ്റ് ബുക്കിംഗ്, സീറ്റ് സെലക്ഷന്‍, ബാഗേജ് പോളിസി എന്നിവയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) പുറത്തിറക്കിയിരിക്കുന്നത്. വിമാനയാത്ര കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പ്രധാന നിര്‍ദേശങ്ങള്‍

  • ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാത്രക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ ലഭ്യമാക്കണം. സീറ്റ് സെലക്ഷന്റെ പേരില്‍ യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കുന്നത് തടയുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്.

  • ഒരേ പിഎന്‍ആറില്‍ (PNR) ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിമാനത്തില്‍ അടുത്തടുത്ത സീറ്റുകള്‍ തന്നെ ലഭിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണം. കുടുംബങ്ങള്‍ പല സീറ്റുകളിലായി ചിതറിയിരുന്ന് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം.

  • സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിനുള്ള ചട്ടങ്ങള്‍ വിമാനക്കമ്പനികള്‍ വെബ്‌സൈറ്റുകളിലും മറ്റും വ്യക്തമായി പ്രദര്‍ശിപ്പിക്കണം. നിലവിലുള്ള അവ്യക്തതകള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് കണക്കിലെടുത്താണിത്.

  • വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും യാത്ര നിഷേധിക്കപ്പെടുമ്പോഴും (Denied Boarding) യാത്രക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് വിമാനത്താവളങ്ങളിലും ആപ്പുകളിലും കൃത്യമായ വിവരം നല്‍കണം.

  • യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വളരുന്ന വിപണി, മാറുന്ന സേവനം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറുമ്പോഴാണ് സേവന നിലവാരം ഉയര്‍ത്താനുള്ള നീക്കം. നിലവില്‍ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നത്. ഉഡാന്‍ (UDAN) പദ്ധതി വഴി സാധാരണക്കാര്‍ക്കിടയില്‍ വിമാനയാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വിമാനത്താവളങ്ങളില്‍ കുറഞ്ഞ നിരക്കിലുള്ള ലഘുഭക്ഷണശാലകള്‍, സൗജന്യ വൈഫൈ, പുസ്തകങ്ങള്‍ കൈമാറുന്നതിനുള്ള 'ഫ്‌ലൈബ്രറി' (Flybrary) തുടങ്ങിയ സേവനങ്ങളും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യോമയാന മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT