Image : VietJet and CIAL 
Industry

കൊച്ചി-വിയറ്റ്‌നാം നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം; ആദ്യയാത്രയില്‍ സീറ്റെല്ലാം ഫുള്‍

സര്‍വീസ് ആഴ്ചയില്‍ 4 ദിവസം

Dhanam News Desk

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള സര്‍വീസിന് തുടക്കമിട്ട് വിയറ്റ്‌ജെറ്റ് എയര്‍. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്കുള്ള ആദ്യ സര്‍വീസ് വിയറ്റ്‌ജെറ്റ് കൊമേഴ്‌സ്യല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജെയ് എല്‍. ലിംഗേശ്വര ഉദ്ഘാടനം ചെയ്തു.

വിയറ്റ്‌നാമിലേക്ക് വിനോദ സഞ്ചാരത്തിനും ജോലിക്കും മറ്റുമായി പോകുന്ന മലയാളികള്‍ക്ക് ഏറെ ഉഫകാരപ്രദമാണ് നേരിട്ടുള്ള സര്‍വീസ്. വിയറ്റ്‌നാമും കേരളവും തമ്മിലെ വാണിജ്യ ബന്ധം ശക്തമാക്കാനും സര്‍വീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ടിക്കറ്റ് നിരക്ക് 5,555 രൂപ

സര്‍വീസിന്റെ ഉദ്ഘാടന ഓഫറായി 5,555 രൂപയ്ക്ക് കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പറക്കാമെന്ന് വിയറ്റ്‌ജെറ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ സീറ്റുകളും നിറഞ്ഞാണ് ആദ്യദിനത്തില്‍ വിയറ്റ്‌നാമിലേക്കും തിരിച്ചുമുള്ള സര്‍വീസ് നടന്നത്.

കൊച്ചി-ഹോ ചി മിന്‍ സിറ്റി സര്‍വീസിലെ ആദ്യ ബോര്‍ഡിംഗ് പാസ് വിതരണം സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു നിര്‍വഹിച്ചു. സിയാല്‍ കൊമേഴ്‌സ്യല്‍ വിഭാഗം ജനറല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.എസ്. ജയന്‍, എ.ഒ.സി.സി ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ എന്നിര്‍ സംബന്ധിച്ചു.

4 സര്‍വീസ്

ആഴ്ചയില്‍ നാല് സര്‍വീസാണ് കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് വിയറ്റ്‌ജെറ്റ് നടത്തുക. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണത്. വി.ജെ811 വിമാനം ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് വൈകിട്ട് 7.20ന് പുറപ്പെട്ട് 10.50ന് കൊച്ചിയിലെത്തും. വി.ജെ812 വിമാനം 11.50ന് മടങ്ങി രാവിലെ 6.40ന് ഹോ ചി മിന്‍ സിറ്റിയിലുമെത്തും.

സിയാലിന്റെ ലക്ഷ്യം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 89.82 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. പുത്തന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നത് വഴി നടപ്പുവര്‍ഷം (2023-24) ലക്ഷ്യം ഒരുകോടിയിലേറെ യാത്രക്കാരാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT