canva
Industry

ആ അധിക തുക നിങ്ങള്‍ നല്‍കേണ്ടതുണ്ടോ? ഹോട്ടല്‍ ബില്ലിലെ 'രഹസ്യ' ചാര്‍ജിന് കേന്ദ്രത്തിന്റെ പൂട്ട്!

ജി.എസ്.ടിക്ക് പുറമെ 'സര്‍വീസ് ചാര്‍ജ്' എന്ന പേരില്‍ 5 മുതല്‍ 10% വരെ അധികമായി നമ്മളില്‍ നിന്ന് പലപ്പോഴും ഈടാക്കാറുണ്ട്

Dhanam News Desk

നിങ്ങള്‍ ഒരു റെസ്റ്റോറന്റില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് ബില്ല് വരുമ്പോള്‍, മെനുവില്‍ കണ്ടതിനേക്കാള്‍ വലിയൊരു തുക വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ജി.എസ്.ടിക്ക് പുറമെ 'സര്‍വീസ് ചാര്‍ജ്' (Service Charge) എന്ന പേരില്‍ 5% മുതല്‍ 10% വരെ അധികമായി നമ്മളില്‍ നിന്ന് പലപ്പോഴും ഈടാക്കാറുണ്ട്. എന്നാല്‍, ഈ തുക നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥനാണോ? ഇല്ല എന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (CCPA) പുതിയ വെളിപ്പെടുത്തല്‍.

സേവനത്തില്‍ സംതൃപ്തനാണെങ്കില്‍ ഉപഭോക്താവ് സ്വമേധയാ നല്‍കേണ്ട 'ടിപ്പിന്' (Tip) പകരമായി ഹോട്ടലുകള്‍ ബില്ലില്‍ തന്നെ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നത് 'അന്യായമായ വ്യാപാര രീതി' (Unfair Trade Practice) ആണെന്ന് സി.സി.പി.എ വ്യക്തമാക്കുന്നു.

പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ (Barbeque Nation) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് അതോറിറ്റി കടുത്ത നടപടികളിലേക്ക് നീങ്ങിയത്. പലപ്പോഴും ഉപഭോക്താക്കള്‍ ഇത് ചോദിക്കുമ്പോള്‍ 'സര്‍ക്കാര്‍ നിയമമാണ്' എന്ന തെറ്റായ ധാരണയാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കാറുള്ളത്.

രഹസ്യ ചാര്‍ജില്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

  • ഭക്ഷണം കഴിക്കാന്‍ വരുന്നവരോട് സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ഹോട്ടലിന് അധികാരമില്ല. അത് പൂര്‍ണമായും ഉപഭോക്താവിന്റെ വിവേചനാധികാരമാണ്.

  • സര്‍വീസ് ചാര്‍ജ് എന്ന പേര് മാറ്റി 'സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട്' എന്നോ മറ്റോ ബില്ലില്‍ ഉള്‍പ്പെടുത്തിയാലും അത് നിയമവിരുദ്ധം തന്നെ.

  • സര്‍വീസ് ചാര്‍ജ് ഈടാക്കി അതിന് മുകളില്‍ വീണ്ടും ജി.എസ്.ടി ഈടാക്കുന്നത് ഇരട്ട പ്രഹരമാണ്. ഇത് ഉപഭോക്താവിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അതോറിറ്റി നിരീക്ഷിച്ചു.

  • മെനു കാര്‍ഡില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് എഴുതിവെച്ചത് കൊണ്ടുമാത്രം അത് നിയമപരമാകില്ല.

  • സര്‍വീസ് ചാര്‍ജ് നല്‍കാത്തതിന്റെ പേരില്‍ ഉപഭോക്താവിന് സേവനം നിഷേധിക്കുന്നത് ശിക്ഷാര്‍ഹമാണ്.

നടപടികള്‍ ഇങ്ങനെ

ബാര്‍ബിക്യൂ നേഷന്‍ പോലെയുള്ള സ്ഥാപനങ്ങളോട് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ച സി.സി.പി.എ, മുംബൈയിലെ പ്രമുഖ റെസ്റ്റോറന്റായ ചൈന ഗേറ്റിന് (China Gate) 50,000 രൂപ പിഴയും ചുമത്തി. റെസ്‌റ്റോറന്റിന്റെ ബില്ലിംഗ് സോഫ്റ്റ്വെയറുകളില്‍ നിന്ന് ഈ കോളം തന്നെ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ ഏതെങ്കിലും റെസ്റ്റോറന്റ് സര്‍വീസ് ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിച്ചാല്‍, ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1915ല്‍ പരാതിപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT