വേനൽക്കാല യാത്രാ സീസണിലും ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. 2026 ഏപ്രിലിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനത്തിലധികം ഇടിവ് ഉണ്ടായി. ഇത് തുടർച്ചയായ രണ്ടാം മാസമാണ് യാത്രക്കാരുടെ എണ്ണം കുറയുന്നത്. വ്യവസായ മേഖലയിലുളളവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ പ്രവണത.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഐടി മേഖലയുൾപ്പെടെയുള്ള സേവന മേഖലകളിൽ നിർമ്മിത ബുദ്ധി (AI) വരുത്തുന്ന തൊഴിൽ മാറ്റങ്ങൾ മൂലം ഉയർന്ന വരുമാനമുള്ളവർ പോലും യാത്രകൾക്കായി പണം ചെലവഴിക്കാൻ മടിക്കുന്നു. ഇതിനുപുറമെ, രാജ്യത്തുടനീളം അനുഭവപ്പെടുന്ന അതിരൂക്ഷമായ ഉഷ്ണതരംഗവും വിമാന യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
വിപണി ചുരുങ്ങിയെങ്കിലും ഇൻഡിഗോ (IndiGo) തങ്ങളുടെ വിപണി വിഹിതം 65 ശതമാനമായി ഉയർത്തി കരുത്തുതെളിയിച്ചു. എന്നാൽ വൻ സാമ്പത്തിക നഷ്ടം നേരിടുന്ന എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹിതം 24.7 ശതമാനമായി കുറഞ്ഞു. ആകാശ എയർ (Akasa Air) 5.8 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, സ്പൈസ് ജെറ്റിന്റെ വിഹിതം 3.4 ശതമാനത്തിലേക്ക് താഴ്ന്നു. സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ കൃത്യസമയം പാലിക്കാത്തതും (31.2% OTP) വലിയ തോതിലുള്ള കാലതാമസവും യാത്രക്കാരെ അകറ്റിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ 39.3 ശതമാനം ഇടിവും ആഭ്യന്തര വിമാന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും കുറഞ്ഞേക്കാമെന്നാണ് കരുതുന്നത്. വർദ്ധിച്ചുവരുന്ന എണ്ണവിലയും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വരും മാസങ്ങളിൽ കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine