Industry

ഒരു വര്‍ഷത്തിനുള്ളില്‍ ദുബൈയില്‍ വീട് വാങ്ങിയത് 3,200-ലേറെ പ്രവാസികള്‍, നടന്നത് ₹13,000 കോടിയുടെ ഇടപാട്, യുഎഇയുടെ 'ഫസ്റ്റ് ടൈം ഹോം ബയര്‍ പദ്ധതി' വിപുലീകരിക്കുന്നു

9 പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ കൂടി പദ്ധതിയുടെ ഭാഗമായി

Dhanam News Desk

ദുബായില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി യുഎഇ ഭരണകൂടം ആവിഷ്‌കരിച്ച 'ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം' (First-Time Home Buyer Program) വന്‍ വിജയത്തിലേക്ക്. 2025 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 3,200-ലധികം പ്രവാസികള്‍ക്ക് ദുബായില്‍ സ്വന്തമായി വീട് വാങ്ങാന്‍ സാധിച്ചതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും (DLD) ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്‍ഡ് ടൂറിസവും (DET) വ്യക്തമാക്കി. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ 500 കോടിയിലധികം ദിര്‍ഹത്തിന്റെ (ഏകദേശം 13,000 കോടി രൂപ) റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ഇതുവഴി നടന്നിട്ടുള്ളത്.

ദുബായില്‍ സ്ഥിരതാമസമാക്കാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ പദ്ധതി വലിയ തോതില്‍ സഹായകരമാകുന്നുണ്ട്.

പുതിയ പങ്കാളികളുമായി പദ്ധതി വിപുലീകരിക്കുന്നു

പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 9 പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ കൂടി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റുമായി പുതിയ തന്ത്രപ്രധാനമായ കരാറുകളില്‍ ഒപ്പുവെച്ചു. ഇതോടെ പദ്ധതിയില്‍ പങ്കാളികളായ ആകെ ഡെവലപ്പര്‍മാരുടെ എണ്ണം 22 ആയി ഉയര്‍ന്നു.

സമന ഡെവലപ്പേഴ്‌സ് (SAMANA Developers), റപ്പോര്‍ട്ടാഷ് പ്രോപ്പര്‍ട്ടീസ് (Reportage Properties), ക്യൂബ് ഡെവലപ്‌മെന്റ് (Qube Development), ഇര്‍ത്ത് ഗ്രൂപ്പ് (IRTH Group), ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, അരാദ (Arada), മനാമം (Manam), 4ഡയറക്ഷന്‍ ഡെവലപ്‌മെന്റ്‌സ്, സ്‌കൈ വ്യൂ റിയല്‍ എസ്റ്റേറ്റ് എന്നിവരാണ് പുതിയ പങ്കാളികള്‍.

പുതിയ ഡെവലപ്പര്‍മാരുടെ വരവോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ ലൊക്കേഷനുകളിലും ബജറ്റുകളിലുംഅനുയോജ്യമായ പ്രോപ്പര്‍ട്ടികള്‍ തിരഞ്ഞെടുക്കാനുള്ള അവസരം വര്‍ധിച്ചു.

അഞ്ച് പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക പിന്തുണയും ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ഇത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ പലിശനിരക്കിലും എളുപ്പത്തിലും ഹോം ലോണുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു.

ലക്ഷ്യം സുസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് വിപണി

ദുബായ് ഇക്കണോമിക് അജണ്ട (D33), ദുബായ് റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 എന്നിവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വിഹിതം ജിഡിപിയില്‍ ഇരട്ടിയാക്കുക, താമസക്കാരുടെ ഭവന ഉടമസ്ഥതാ നിരക്ക് ഉയര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്രിമമായ വിലക്കയറ്റങ്ങള്‍ ഒഴിവാക്കി, യഥാര്‍ത്ഥ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഒരു സുസ്ഥിര വിപണി കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള, ദുബായില്‍ സ്വന്തമായി ഫ്രീഹോള്‍ഡ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഇല്ലാത്ത ഏത് യുഎഇ താമസക്കാരനും (താമസ വിസയുള്ള പ്രവാസികള്‍ക്കും) ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാം. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 'Dubai REST' ആപ്പ് വഴിയോ പ്രവാസികള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ ഡെവലപ്പര്‍മാരുടെ പ്രോപ്പര്‍ട്ടികള്‍ കൂടി ഉള്‍പ്പെടുത്തി മുന്‍ഗണനകള്‍ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT