Industry

ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടത്തില്‍ വന്‍ വര്‍ധന; വരുമാനം ഉയര്‍ന്നിട്ടും തിരിച്ചടി

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ് നഷ്ടം വര്‍ധിച്ചത്

Dhanam News Desk

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ സംയോജിത നഷ്ടം 4,890.6 കോടി രൂപയായതായി ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ളര്‍ പുറത്തുവിട്ട കണക്കുകളെ അടിസ്ഥാനമാക്കി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3,371.2 കോടി രൂപയുടെ സംയോജിത നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അതുമായി നോക്കുമ്പോള്‍ 44 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം നഷ്ടത്തിലുണ്ടായിരിക്കുന്നത്.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്ടം 4,839.3 കോടി രൂപയായി. പ്രവര്‍ത്തന കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 9.4 ശതമാനം വര്‍ധിച്ച് 56,012.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 51,176 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം ചെലവ് ഇക്കാലയളവില്‍ 60,858 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തനഫലങ്ങളെ കുറിച്ച് കമ്പനിയില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്‌ളിപ്കാര്‍ട്ട് വി.ഐ.പി

ഉത്സവകാല ഷോപ്പിംഗില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഫിളിപ്കാര്‍ട്ട് വി.ഐ.പി എന്ന പുതിയൊരു സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ഈ മാസമാദ്യം  അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് അതത് ദിവസം ഡെലിവറി, 48 മണിക്കൂറിനുള്ളില്‍ റിട്ടേണ്‍, 499 രൂപ വിലയുള്ള ഗിഫ്റ്റ് ബോക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇതുവഴി ലഭ്യമാക്കുന്നുണ്ട്. കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും 5 ശതമാനം സൂപ്പര്‍ കോയിന്‍സ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT