Industry

ഈസ്റ്റേണിന്റെ മാതൃകമ്പനി ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു, നവാസ് മീരാനും ഫിറോസ് മീരാനും ഓഹരികള്‍ വിറ്റഴിക്കും

2.28 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഐ.പി.ഒയിലുണ്ടാവുക

Dhanam News Desk

കേരളത്തില്‍ നിന്നുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിനെയും (Eastern Condiments) കര്‍ണാടക കമ്പനിയായ എം.ടി.ആര്‍ ഫുഡ്‌സിനെയും ( MTR Foods) സ്വന്തമാക്കിയ നോര്‍വീജിയന്‍ സ്ഥാപനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ (Orkla India) വിഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO)ഒരുങ്ങുന്നു. സെബിയ്ക്ക് ഇതിനായി രേഖകള്‍ (DRHP) സമര്‍പ്പിച്ചു. നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാകും ഐ.പി.ഒയിലുണ്ടാവുക. പുതു ഓഹരികള്‍ വിറ്റഴിക്കുന്നില്ല.

നവാസ് മീരാനും ഫിറോസ് മീരാനും ഓഹരി വിറ്റഴിക്കും

മൊത്തം 2.28 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ പുറത്തിറക്കുക. കമ്പനിയുടെ നിലവിലെ ഓഹരി ഉടമകളായ ഓര്‍ക്‌ല ഏഷ്യ പസഫികിനൊപ്പം ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ സ്ഥാപകനായ നവാസ് മീരാനും സഹോദരന്‍ ഫിറോസ് മീരാനും ഓഹരികള്‍ വിറ്റഴിക്കും. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ഓര്‍ക്‌ലയുടെ നോര്‍വീജിയന്‍ കമ്പനിക്കായിരിക്കും ലഭിക്കുക.

ഓര്‍ക്‌ല ഇന്ത്യയുടെ മുഖ്യ ഓഹരി ഉടമകള്‍ നോര്‍വീജിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ഓര്‍ക്‌ല എ.എസ്.എയും ഓര്‍ക്‌ല ഏഷ്യ പസഫിക്കുമാണ്. ഇരു സ്ഥാപനങ്ങളും കൂടി 90 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. ബാക്കി 10 ശതമാനം നവാസ് മീരാന്റെയും ഫിറോസ് മീരാന്റെയും കൈവശമാണ്. അഞ്ച് ശതമാനം വീതം ഓഹരികളാണ് ഇരുവര്‍ക്കുമുള്ളത്. എത്ര ശതമാനം വീതമാണ് ഇരുവരും ഐ.പി.ഒയില്‍ വിറ്റഴിക്കുക എന്നത് വ്യക്തമല്ല.

1989ല്‍ അടിമാലിയില്‍ എം.ഇ മീരാന്‍ എളിയ നിലയില്‍ തുടക്കം കുറിച്ച കമ്പനിയാണ് ഈസ്റ്റേണ്‍. വിദേശത്ത് നിന്ന് ഫുഡ് പ്രോസസിംഗ് രംഗത്ത് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം നേടിയ ആദ്യ കമ്പനിയുമാണ്.

ഓര്‍ക്‌ലയുടെ മൂന്ന് യൂണിറ്റുകള്‍

ഓസ്‌ലോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓര്‍ക്‌ല എ.എസ്.എയ്ക്ക് കീഴില്‍ മൊത്തം 10 കമ്പനികളാണുള്ളത്. അതിലൊന്നാണ് ഓര്‍ക്‌ല ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

കറി പൗഡറുകള്‍, റെഡി ടു ഈറ്റ് മീല്‍സ്‌, ബ്രേക്ഫാസ്റ്റ് മിക്‌സുകള്‍, മധുര പലഹാരങ്ങള്‍ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങള്‍ കമ്പനിക്കുണ്ട്. ഈസ്റ്റേണ്‍, എം.ടി.ആര്‍, റസോയി മാജിക് എന്നീ ബ്രാന്‍ഡുകളിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

എം.ടി.ആര്‍, ഈസ്റ്റേണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായാണ് ബിസിനസ് വിഭജിച്ചിരിക്കുന്നത്.

1,356 കോടിയുടെ ഈസ്റ്റേണ്‍ ഡീല്‍

2020ലാണ് കേരളത്തിലെ പ്രമുഖ സുഗന്ധവൃഞ്ജന, കറിപ്പൊടി, ഭക്ഷ്യോത്പന്ന കമ്പനിയായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓഹരികള്‍ 1,356 കോടി രൂപയ്ക്ക് ഓര്‍ക്‌ല സ്വന്തമാക്കുന്നത്. 2024 മാര്‍ച്ച് 31 വരെ ഈസ്റ്റേണിന്റെ ചെയര്‍മാനായി നവാസ് മീരാന്‍ തുടര്‍ന്നിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതിനു പിന്നാലെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. നിലവില്‍ ഓര്‍ക്‌ല ഇന്ത്യയുടെ ഈസ്‌റ്റേണ്‍ ബിസിനസ് യൂണിറ്റിന്റെ കേരള സി.ഇ.ഒ ഗിരീഷ് കുമാര്‍ ആണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT