കോവിഡിനുശേഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കു പഠനത്തിനായി വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. യു.കെയും കാനഡയുമെല്ലാം കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ത്ഥികളുടെ വരവിനായി വാതില്‍ തുറന്നിടുകയും ചെയ്തു. എന്നാല്‍, 2024 മുതല്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തിപ്പെട്ടു. ഇത് വിദ്യാര്‍ത്ഥികളുടെ വരവിന് തിരിച്ചടിയായെന്ന് കണക്കുകള്‍ അടിവരയിരുന്നു.
2023നെ അപേക്ഷിച്ച് വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥി പ്രവാഹത്തില്‍ 15 ശതമാനത്തിലേറെ കുറവു വന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അധികാരം നഷ്ടപ്പെടാന്‍ പോലും കാരണമായത് വിദേശ വിദ്യാര്‍ത്ഥികളുടെ നിയന്ത്രണമില്ലാത്ത ഒഴുക്കായിരുന്നു. കാനഡയില്‍ കുടിയേറ്റ വിരുദ്ധ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചതോടെ അങ്ങോട്ടേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോക്കില്‍ 41 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2023ല്‍ 2,33,532 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്ക് വിമാനം കയറി. എന്നാല്‍ കഴിഞ്ഞ വര്‍ഷമിത് 1,37,608 ആയി കുറഞ്ഞു. യു.കെയിലേക്കുള്ള വിദ്യാര്‍ത്ഥി ഒഴുക്കിലും കുറവുണ്ടായിട്ടുണ്ട്. 2023ലെ 1,36,921ല്‍ നിന്ന് 98,890ലേക്കണ് താഴ്ന്നത്.
2022ല്‍ 19,784 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് റഷ്യയിലേക്ക് പോയത്. തൊട്ടടുത്ത വര്‍ഷം റഷ്യയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 23,503 ആയി ഉയര്‍ന്നു. എന്നാല്‍ 2024ല്‍ 31,444 പേരാണ് റഷ്യയെ തിരഞ്ഞെടുത്തത്. റഷ്യയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോകുന്ന ട്രെന്റ് തുടരുമെന്നാണ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ നല്‍കുന്ന സൂചന. യുദ്ധത്തെതുടര്‍ന്ന് റഷ്യയിലേക്കുള്ള വരവ് കുറഞ്ഞിരുന്നു.
ജര്‍മനിയിലേക്ക് പഠിക്കാന്‍ പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 2022ലെ 20,684ല്‍ നിന്ന് 2024ല്‍ 34,702 ആയി ഉയര്‍ന്നു. ചൈനയിലേക്ക് കഴിഞ്ഞ വര്‍ഷം പഠനത്തിനായി പോയത് 4,978 വിദ്യാര്‍ത്ഥികളാണ്. 2022ല്‍ ഇത് വെറും 1,967 മാത്രമായിരുന്നു.
വിദേശത്തേക്ക് പോയവരുടെ എണ്ണത്തില്‍ 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായി. 2023ല്‍ 8,92,989 പേരാണ് പോയതെങ്കില്‍ 2024ല്‍ ഇത് 7,59,064 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine