Canva
Education & Career

യു.കെയില്‍ സംഭവിക്കുന്നത്: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ത്രിശങ്കുവില്‍, ബിസിനസ് സ്‌കൂളുകള്‍ക്ക് വന്‍തിരിച്ചടി

2027 ജനുവരിയിലെ വിദേശ വിദ്യാര്‍ഥി പ്രവേശനം 2026 ജനുവരിയിലേതിനേക്കാള്‍ കുറയുമെന്ന് 60% ബിസിനസ് സ്‌കൂളുകള്‍ പ്രതീക്ഷിക്കുന്നു.

Dhanam News Desk

യുകെയിലെ ബിസിനസ് സ്‌കൂളുകളില്‍ വിദേശ വിദ്യാര്‍ഥികളുടെ അഡ്മിഷനില്‍ വലിയ കുറവ്. ഇതു മൂലം സര്‍വകലാശാലകള്‍ക്ക് വര്‍ധിച്ച സാമ്പത്തിക സമ്മര്‍ദം. 59 സ്ഥാപനങ്ങള്‍ പങ്കെടുത്ത ചാര്‍ട്ടേഡ് അസോസിയേഷന്‍ ഓഫ് ബിസിനസ് സ്‌കൂള്‍സിന്റെ (ചാര്‍ട്ടേഡ് എബിഎസ്) വാര്‍ഷിക സര്‍വേ പ്രകാരം, 2026-27 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 69% സ്ഥാപനങ്ങള്‍ വിദേശ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സര്‍വേയില്‍ ഇത് 35% മാത്രമായിരുന്നു. ഇത്തവണ 48% സ്ഥാപനങ്ങള്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.

ബിരുദാനന്തര കോഴ്സുകളില്‍ ഇടിവ് രൂക്ഷം

ബിരുദാനന്തര കോഴ്സുകളിലേക്ക് വിദേശത്തുനിന്ന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതായി നാലില്‍ മൂന്ന് ബിസിനസ് സ്‌കൂളുകളും അറിയിച്ചു. 60% സ്ഥാപനങ്ങളില്‍ ഇടിവ് ഗണ്യമായിരുന്നു. മുന്‍വര്‍ഷത്തെ സര്‍വേയില്‍ ബിരുദാനന്തര പ്രവേശനം കുറഞ്ഞതായി അറിയിച്ചത് 39% സ്ഥാപനങ്ങളാണ്. ഇത്തവണ 67% സ്ഥാപനങ്ങള്‍ക്കും ഈ വിഭാഗത്തില്‍ വിദേശ വിദ്യാര്‍ഥി പ്രവേശനലക്ഷ്യം കൈവരിക്കാനായില്ല.

ബിരുദ കോഴ്സുകളിലും അഞ്ചില്‍ മൂന്ന് സ്ഥാപനങ്ങള്‍ വിദേശ വിദ്യാര്‍ഥി പ്രവേശനം കുറഞ്ഞതായി അറിയിച്ചു. 29% സ്ഥാപനങ്ങളില്‍ ഗണ്യമായ ഇടിവുണ്ടായി. ഈ വിഭാഗത്തില്‍ 57% സ്ഥാപനങ്ങള്‍ പ്രവേശന ലക്ഷ്യത്തിലെത്തിയില്ല. 2027 ജനുവരിയിലെ വിദേശ വിദ്യാര്‍ഥി പ്രവേശനം 2026 ജനുവരിയിലേതിനേക്കാള്‍ കുറയുമെന്ന് 60% ബിസിനസ് സ്‌കൂളുകള്‍ പ്രതീക്ഷിക്കുന്നു.

വിസാ നയത്തിലെ മാറ്റങ്ങള്‍ തിരിച്ചടിയായി

യുകെയുടെ കുടിയേറ്റ നയത്തിലെ മാറ്റങ്ങളാണ് പ്രവേശനം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ തുടരാനും ജോലി അന്വേഷിക്കാനും ജോലി ചെയ്യാനും യോഗ്യരായ വിദേശ ബിരുദധാരികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഗ്രാജുവേറ്റ് റൂട്ട് വിസ. ഇതിന്റെ കാലാവധി കുറയ്ക്കാനുള്ള തീരുമാനം 2025-26ല്‍ തന്നെ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചെന്ന് 75% ഡീനുമാര്‍ പറഞ്ഞു. 2026-27ലും ഈ സ്വാധീനം തുടരുമെന്നാണ് 82% പേരുടെ വിലയിരുത്തല്‍. വിദേശ വിദ്യാര്‍ഥി പ്രവേശനത്തിന് ഈ വിസ പ്രധാനമാണെന്ന് 46% പേരും അഭിപ്രായപ്പെട്ടു.

വിദേശ വിദ്യാര്‍ഥികളുടെ വിസ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട ബേസിക് കംപ്ലയന്‍സ് അസസ്മെന്റ് (ബിസിഎ) മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും പ്രവേശനത്തെ ബാധിച്ചു. 2025-26ല്‍ പ്രതികൂല സ്വാധീനം നേരിട്ടതായി 60% സ്ഥാപനങ്ങള്‍ അറിയിച്ചു. 2026-27ല്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങളുടെ വിഹിതം 74% ആണ്. മൂന്നിലൊന്നോളം സ്ഥാപനങ്ങള്‍ കടുത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥി വിസ നിരസിക്കുന്ന കേസുകള്‍ കൂടുന്നതും ചില ഡീനുമാര്‍ ചൂണ്ടിക്കാട്ടി. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശിച്ച ലെവി നടപ്പായാല്‍ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 71% സ്ഥാപനങ്ങള്‍ കരുതുന്നു.

ഇന്ത്യക്കാര്‍ക്ക് അനുവദിച്ച പഠന വിസകളില്‍ 16% കുറവ്

യുകെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 2026 ജൂണില്‍ അവസാനിച്ച 12 മാസത്തില്‍ മുഖ്യ അപേക്ഷകര്‍ക്ക് അനുവദിച്ച സ്പോണ്‍സേഡ് പഠന വിസകളുടെ എണ്ണം 3,83,455 ആയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% കുറവാണിത്. 2023 ജൂണില്‍ അവസാനിച്ച 12 മാസത്തിലെ റെക്കോഡിനേക്കാള്‍ 41% താഴെയുമാണ്.

അതേസമയം, 2026 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസത്തില്‍ മുഖ്യ അപേക്ഷകരില്‍നിന്ന് ലഭിച്ച സ്പോണ്‍സേഡ് പഠന വിസാ അപേക്ഷകള്‍ 19% കുറഞ്ഞ് 3,52,500 ആയി. വിദ്യാര്‍ഥികളുടെ ആശ്രിതരില്‍നിന്നുള്ള അപേക്ഷകള്‍ 31% കുറഞ്ഞ് 15,700ലെത്തി. പഠന വിസാ അപേക്ഷകള്‍ക്ക് സീസണല്‍ സ്വഭാവമുണ്ടെന്നും ജനുവരിയിലെ പ്രവേശനത്തിന് മുന്നോടിയായി ഡിസംബറില്‍ അപേക്ഷകള്‍ വീണ്ടും ഉയരാറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2026 ജൂണില്‍ അവസാനിച്ച 12 മാസത്തില്‍ ഇന്ത്യയില്‍നിന്നുള്ള 82,523 മുഖ്യ അപേക്ഷകര്‍ക്ക് യുകെ സ്പോണ്‍സേഡ് പഠന വിസ അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16% കുറവാണിത്. ഇടിവുണ്ടായിട്ടും ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.

വിദേശ ഫീസിനെ ആശ്രയിക്കുന്നത് 94% സ്ഥാപനങ്ങള്‍

സ്വദേശി വിദ്യാര്‍ഥികളേക്കാള്‍ സാധാരണയായി ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ഥികള്‍ ബിസിനസ് സ്‌കൂളുകളുടെ പ്രധാന വരുമാന സ്രോതസ്സാണ്. സാമ്പത്തിക നില നിലനിര്‍ത്താന്‍ ഒരു പരിധിവരെയെങ്കിലും വിദേശ വിദ്യാര്‍ഥികളുടെ ഫീസിനെ ആശ്രയിക്കുന്നതായി 94% സ്ഥാപനങ്ങള്‍ അറിയിച്ചു. 2025-26ല്‍ വരുമാനം കുറഞ്ഞതായി 47% ഡീനുമാര്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷവും വരുമാനം ഇടിയുമെന്ന് 59% പേര്‍ പ്രതീക്ഷിക്കുന്നു. മുന്‍ സര്‍വേയില്‍ 58% പേര്‍ വരുമാന വര്‍ധന പ്രതീക്ഷിച്ചപ്പോള്‍ 21% പേര്‍ മാത്രമാണ് ഇടിവ് കണക്കാക്കിയിരുന്നത്.

സ്വദേശി വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാവുന്ന പഠനഫീസിന്റെ പരിധി ഉയര്‍ത്തിയാലും സാമ്പത്തിക സ്ഥിതിയില്‍ ചെറിയ ആശ്വാസം മാത്രമേ ലഭിക്കൂവെന്ന് പകുതി ഡീനുമാര്‍ വിലയിരുത്തി. മാറ്റംകൊണ്ട് യാതൊരു സ്വാധീനവും ഉണ്ടാകില്ലെന്നാണ് 15% പേരുടെ അഭിപ്രായം. സ്വദേശി വിദ്യാര്‍ഥികളുടെ പ്രവേശനം കൂടിയതായി 37% സ്ഥാപനങ്ങള്‍ അറിയിച്ചപ്പോള്‍ ഏതാണ്ട് അത്രതന്നെ സ്ഥാപനങ്ങള്‍ ഇടിവും രേഖപ്പെടുത്തി.

വിദേശ വിദ്യാര്‍ഥികളുടെ വരവ് കുറയുന്നത് ബിസിനസ് സ്‌കൂളുകളുടെ വരുമാനത്തെയും സര്‍വകലാശാലകളുടെ സാമ്പത്തിക നിലയെയും ബാധിക്കുന്നതായി ചാര്‍ട്ടേഡ് എബിഎസ് ചെയര്‍മാന്‍ പ്രൊഫസര്‍ സ്റ്റുവര്‍ട്ട് റോബിന്‍സണ്‍ പറഞ്ഞു. നിര്‍ദിഷ്ട വിദേശ വിദ്യാര്‍ഥി ലെവി നടപ്പാക്കിയാല്‍ ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലാ മേഖലയ്ക്ക് 100 കോടി പൗണ്ടിന്റെ ചെലവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT