Image Courtesy: Canva 
Education & Career

മിടുക്കുള്ളവര്‍ പഠിച്ചു വളരട്ടെ, വായ്പക്ക് സര്‍ക്കാര്‍ ഗാരന്റി; ഈടും ആള്‍ജാമ്യവും വേണ്ട, 3 ശതമാനം പലിശ ഇളവും

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പി.എം വിദ്യാലക്ഷ്മി പദ്ധതി തണലാകുന്നത് 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്

Dhanam News Desk

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി ഈടും ആൾജാമ്യവും ആവശ്യമില്ലാത്ത ബാങ്ക് വായ്പകള്‍ക്കായുളള ‘പി.എം വിദ്യാലക്ഷ്മി’ പദ്ധതി കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി ലഭ്യമാക്കുന്നതാണ് പദ്ധതി.

7.5 ലക്ഷം രൂപയ്ക്ക് വരെ 75 ശതമാനം ക്രെഡിറ്റ് ഗാരന്റി സർക്കാര്‍ നൽകുന്നതാണ്. കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ 10 ലക്ഷം രൂപയ്ക്ക് വരെ പലിശയിൽ 3 ശതമാനം ഇളവ് ലഭിക്കുന്നതാണ്.

മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കാന്‍ സാമ്പത്തിക സ്ഥിതി തടസമാകാതിരിക്കാനാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിലെ (എൻ.ഐ.ആർ.എഫ്) ആദ്യ 100 സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിലുളള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക. 22 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വർഷം തോറും ഒരു ലക്ഷം വിദ്യാര്‍ത്ഥികൾക്കാണ് 3 ശതമാനം പലിശയിളവ് ലഭിക്കുക. 7 വർഷത്തേക്ക് 3,600 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ഇതിനായുളള വെബ്സൈറ്റ് സജ്ജമാക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT