Image Courtesy: Canva 
Education & Career

ഇന്ത്യയില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയുടെ ഷോക്ക്, എസ്.ഡി.എസ് നിര്‍ത്തലാക്കി, 90% വിദ്യാര്‍ത്ഥികളെയും ബാധിക്കും

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ എസ്.ഡി.എസ് സ്ട്രീമിന് കീഴിൽ എത്തി

Dhanam News Desk

കാനഡയിലെ ആയിരക്കണക്കിന് അന്തർദ്ദേശീയ വിദ്യാർത്ഥികളെ ബാധിക്കുന്ന തീരുമാനവുമായി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം (SDS) പദ്ധതി നിര്‍ത്തലാക്കിയിരിക്കുകയാണ് കാനഡ.

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പോകുന്ന 90 ശതമാനം വിദ്യാര്‍ത്ഥികളെയും തീരുമാനം ബാധിക്കും. ഈ വിഭാഗത്തിന് കീഴിൽ ഇതിനകം കാനഡയിൽ ഉള്ള വിദ്യാർത്ഥികളുടെ ഭാവിയും ഇരുണ്ടതായിരിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കേരള, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കാനായി എത്തുന്നത്.

അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പഠന പെർമിറ്റുകൾക്കുള്ള അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാന്‍ 2018 ലാണ് എസ്.ഡി.എസ് ആരംഭിക്കുന്നത്.

സ്റ്റഡി പെർമിറ്റ് അപേക്ഷകൾ റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിലാണ് ഇനി പ്രോസസ് ചെയ്യുകയെന്ന് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) അറിയിച്ചു.

പരിശോധന ആരംഭിച്ചു

12-ാം ക്ലാസിന് ശേഷം കാനഡയില്‍ വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികളെയാണ് തീരുമാനം കൂടുതലായും ബാധിക്കുക. പി.എച്ച്.ഡി പോലുളള ഉപരിപഠനം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഇത് കാര്യമായി ബാധിക്കില്ല.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്.ഡി.എസ് സ്ട്രീമിന് കീഴിൽ കാനഡയിലേക്ക് പോയത്. ഈ വിഭാഗത്തിൽ നിലവില്‍ കാനഡയിലുള്ള വിദ്യാർത്ഥികളെയും തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. അവർക്ക് കാനഡയില്‍ സ്ഥിരതാമസത്തിനുള്ള സാധ്യതകൾ ഏതാണ്ട് ഇല്ലാതായതിരിക്കുകയാണ്. ഇരുളടഞ്ഞ ഭാവിയാണ് ഇപ്പോൾ അവര്‍ നേരിടുന്നത്. ഇത്തരത്തിലുളളവര്‍ മിക്കവാറും ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ട സാഹചര്യമാണ് ഉളളത്.

കാനഡയില്‍ ഉളള വിദ്യാർത്ഥികളെയും സന്ദർശക വിസയിലുളളവരെയും കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസി താമസ രേഖകള്‍ സംബന്ധിച്ച് പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഇവരെ ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തിയാണ് പരിശോധിക്കുന്നത്. മതിയായ രേഖകളുടെ അഭാവം ഉളളവരെ തിരികെ നാടുകടത്താമെന്നും വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT