ഇന്ത്യയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ ഓഫറുമായി ടെക് ഭീമനായ ഗൂഗിള്‍. പ്രീമിയം സേവനമായ 'ഗൂഗിള്‍ എ.ഐ പ്ലസ്' (Google AI Plus) ഒരു വര്‍ഷത്തേക്ക് തികച്ചും സൗജന്യമായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പരീക്ഷാ പരിശീലനം, കോഴ്‌സ് മെറ്റീരിയലുകളുടെ ഏകോപനം, ഗവേഷണം എന്നിവ കുറച്ചുകൂടി എളുപ്പമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ ഈ നീക്കം.
ഇതിനു പുറമേ, ഇന്ത്യയിലെ മത്സരാധിഷ്ഠിത പരീക്ഷകളായ ജെ.ഇ.ഇ (JEE), നീറ്റ് (NEET) എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം എ.ഐ പ്രാക്ടീസ് ക്വിസുകളും മറ്റ് ലേണിംഗ് ടൂളുകളും ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഈ സൗജന്യ ഓഫറിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:
ജമിനി ഒമ്‌നി & ഉയര്‍ന്ന ഉപയോഗ പരിധി: ഗൂഗിളിന്റെ ഏറ്റവും ശേഷിയുള്ള എ.ഐ മോഡലായ ജമിനി ഒമ്‌നി (Gemini Omni) ലഭ്യമാകും. സാധാരണ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടി ഉപയോഗ പരിധിയാണ് (Usage limits) വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.
400 ജി.ബി ക്ലൗഡ് സ്‌റ്റോറേജ്: അക്കാദമിക് ഫയലുകളും പഠന സാമഗ്രികളും സൂക്ഷിക്കാന്‍ 400 ജി.ബി ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ലഭിക്കും.
യൂട്യൂബ് പ്രീമിയത്തിന് തളളിക്കളയാനാകാത്ത ഡിസ്‌കൗണ്ട്: ഗൂഗിള്‍ എ.ഐ പ്രോ, യൂട്യൂബ് പ്രീമിയം (YouTube Premium) എന്നിവയുടെ ബണ്ടില്‍ പ്ലാനുകള്‍ക്ക് 70 ശതമാനം വരെ ഇളവും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കല്‍ ഗൂഗിള്‍ സെർച്ചിലൂടെ നേരിട്ട് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള പ്രാക്ടീസ് ക്വിസുകള്‍ സൃഷ്ടിക്കാമെന്നതാണ്. പ്രിന്‍സ്റ്റണ്‍ റിവ്യൂ (The Princeton Review), കരിയേഴ്‌സ് 360, ഫിസിക്‌സ് വാല (PhysicsWallah) തുടങ്ങിയ പ്രമുഖ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
തെറ്റായ ഉത്തരങ്ങള്‍ക്ക് കൃത്യമായ വിശദീകരണങ്ങളും അനുബന്ധ പഠന ലിങ്കുകളും എ.ഐ നല്‍കും. ഇംഗ്ലീഷില്‍ ഗൂഗിളിന്റെ 'എ.ഐ ഓവര്‍വ്യൂസ്' (AI Overviews), 'എ.ഐ മോഡ്' എന്നിവ വഴി ഈ ഫീച്ചര്‍ ഉപയോഗിക്കാം. എ.സി.ടി, സാറ്റ്, ജി.ആര്‍.ഇ, എല്‍.എസ്.എ.ടി തുടങ്ങിയ മറ്റ് അന്താരാഷ്ട്ര പരീക്ഷകള്‍ക്കും ഈ സൗകര്യം ലഭിക്കും.
കേവലം ഒരു ചാറ്റ് ബോട്ട് എന്നതിനപ്പുറം അക്കാദമിക് ആവശ്യങ്ങള്‍ക്കായുള്ള സമ്പൂര്‍ണ ഡിജിറ്റല്‍ വര്‍ക്ക്‌സ്‌പേസായി ഗൂഗിള്‍ മാറുകയാണ്.
സ്റ്റഡി നോട്ട്ബുക്കുകള്‍: വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലെക്ചര്‍ നോട്ടുകളും സിലബസും അപ്‌ലോഡ് ചെയ്യാം. ഇത് വിശകലനം ചെയ്ത് ജമിനി സ്വന്തമായി പഠന പ്ലാനുകള്‍ തയ്യാറാക്കി നല്‍കും. കൂടാതെ വിദ്യാര്‍ഥികളുടെ മെമ്മറി ടെസ്റ്റ് ചെയ്യാൻ ഡയഗ്നോസ്റ്റിക് ക്വിസുകളും ചെറിയ പാഠഭാഗങ്ങളും സൃഷ്ടിക്കും.
ഗൂഗിള്‍ കലണ്ടര്‍ സംയോജനം: സിലബസില്‍ നിന്നോ നോട്ടുകളില്‍ നിന്നോ പരീക്ഷാ തീയതികളും അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ട ലാസ്റ്റ് ഡേറ്റുകളും കണ്ടെത്തി വിദ്യാര്‍ഥിയുടെ ഗൂഗിള്‍ കലണ്ടറിലേക്ക് സ്വയം ആഡ് ചെയ്യാനുള്ള ശേഷിയും ജമിനിക്കുണ്ട്.
3D വിഷ്വലൈസേഷനും ഗൂഗിള്‍ ലെന്‍സും: സങ്കീര്‍ണമായ ആശയങ്ങള്‍ മനസ്സിലാക്കാന്‍ 3D മോഡലുകളും സിമുലേഷനുകളും രൂപകല്പന ചെയ്യും. ഉദാഹരണത്തിന് ഡി.എന്‍.എയുടെ ഘടന 3D മോഡലായി കണ്ട് പഠിക്കാം. കണക്കുകളോ മറ്റ് സങ്കീര്‍ണ ചോദ്യങ്ങളോ ഫോട്ടോയെടുത്ത് ഗൂഗിള്‍ ലെന്‍സ് വഴി നല്‍കിയാല്‍, അവ പരിഹരിക്കേണ്ട വഴി കൃത്യമായി വിശദീകരിച്ചു തരും.
ഡിപ് റിസര്‍ച്ച് (Deep Research) ഫീച്ചര്‍ വഴി വോയ്സ് കമാന്‍ഡുകളിലൂടെ വിപുലമായ റിസര്‍ച്ചുകള്‍ നടത്താനും സമഗ്രമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ജമിനി ലൈവിന് സാധിക്കും.
സാങ്കേതികവിദ്യ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഈ കാലഘട്ടത്തില്‍, ഗൂഗിളിന്റെ ഈ പുതിയ നീക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകം ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക്, വലിയ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Google rolls out its premium AI ecosystem to Indian college students for free for one year, bundling Gemini tools with JEE and NEET exam preparation modules and personalized study features.
Read DhanamOnline in English
Subscribe to Dhanam Magazine