Education & Career

യുകെയും കാനഡയും ഉപേക്ഷിച്ച് വിദ്യാർത്ഥികൾ; യൂറോപ്പ് വീണ്ടും ട്രെൻഡിംഗ് ആകുന്നത് എന്തുകൊണ്ട്?

കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ 50 മുതല്‍ 80 ശതമാനം വരെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ചെലവുകള്‍ കുറവാണ്

Dhanam News Desk

കാനഡ, യുഎസ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങി പരമ്പരാഗത രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന് മാറ്റംവരുന്നു. ഈ രാജ്യങ്ങളില്‍ വിദ്യാഭ്യാസ, താമസ ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചതോടെ യൂറോപ്പിലേക്ക് കളംമാറ്റുകയാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും എളുപ്പത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതുമാണ് യൂറോപ്പിനെ വീണ്ടും ആകര്‍ഷണ കേന്ദ്രമാക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2015നും 2023നും ഇടയില്‍ യൂറോപ്പിലേക്ക് ഉന്നത പഠനത്തിനായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടായി. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവാഹത്തില്‍ 68 ശതമാനമാണ് വര്‍ധന. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ വന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

യൂറോപ്പാണ് പ്രിയം

കോവിഡിനുശേഷം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഒഴുക്ക് റെക്കോഡ് തലത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് മാറ്റംവന്നു. 2023ല്‍ 9,08,000 വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് പോയി. എന്നാലിത് 2025ലെത്തിയപ്പോള്‍ 6,26,000 ആയി കുറഞ്ഞു. വിദേശപഠനം കൂടുതല്‍ ചെലവേറിയതായതും വീസ ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതുമാണ് ഇതിന് കാരണം.

ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നിയമങ്ങള്‍ ലഘൂകരിച്ചതും പഠനത്തിനുശേഷം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഈ രാജ്യങ്ങളെ പ്രിയങ്കരമാക്കി. പുതിയ വ്യാപാര കരാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ വന്നതും യൂറോപ്പിന് ഗുണംചെയ്യുന്നു.

എന്തുകൊണ്ടാണ് യൂറോപ്പിലേക്ക് ഈ മാറ്റം?

യൂറോപ്പിന്റെ ഏറ്റവും അനുകൂല ഘടകം ചെലവ് കുറവാണെന്ന് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും പറയുന്നു. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ 50 മുതല്‍ 80 ശതമാനം വരെ ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ചെലവുകള്‍ കുറവാണ്.

ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യമോ വളരെ കുറവോ ആണ്.

വീസ നിയമങ്ങളിലെ ഇളവുകളും പി.ആര്‍ സാധ്യതയും: കാനഡയും യുകെയും സ്റ്റുഡന്റ് വീസ നിയമങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും കര്‍ശനമാക്കിയപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കാരായ തൊഴില്‍ വൈദഗ്ധ്യമുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ വീസ-വര്‍ക്ക് പെര്‍മിറ്റ് നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്.

ഇന്ത്യ-ഇയു മൊബിലിറ്റി കരാറുകള്‍: വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും വീസ ലഭിക്കാനും ജോബ് വിസകളിലേക്ക് മാറാനും സഹായിക്കുന്ന പങ്കാളിത്ത കരാറുകള്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ശക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് മീഡിയം കോഴ്‌സുകള്‍: യൂറോപ്പിലെ ഇംഗ്ലീഷ് ഇതര രാജ്യങ്ങളിലെ മുന്‍നിര സര്‍വകലാശാലകളും ഇപ്പോള്‍ പൂര്‍ണമായും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന ആയിരക്കണക്കിന് മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ ലഭ്യമാക്കുന്നുണ്ട്.

Indian students are increasingly choosing European countries over the traditional Big Four destinations due to lower costs and better post-study opportunities

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT