Education & Career

പുതിയ എഐസിടിഇ ചട്ടം മൂലം ജോലി നഷ്ടപ്പെട്ടത് 12,000 അധ്യാപകർക്ക്

Dhanam News Desk

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ (എഐസിടിഇ) ചട്ടത്തിൽ വരുത്തിയ ചെറിയൊരു മാറ്റം കൊണ്ട് തമിഴ്നാട്ടിൽ 12,000 എഞ്ചിനീയറിംഗ് അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്.

എഐസിടിഇ ഈയിടെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:15 ൽ നിന്നും 1:20 ആക്കി മാറ്റിയിരുന്നു. അതായത് 15 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ വേണ്ടിയിരുന്നിടത്ത് ഇപ്പോൾ 20 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ മതി എന്നായി.

ജോലി നഷ്ടപ്പെട്ട പല അധ്യാപകരും പത്ത് വർഷത്തിലേറെ പ്രവൃത്തിപരിചയം ഉള്ളവരാണ്. കുറച്ച് പേർ ഐറ്റി മേഖലയിൽ ജോലിയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

തമിഴ്നാട്ടിൽ 550 ലധികം എഞ്ചിനീയറിംഗ് കോളജുകൾ ഉണ്ട്. ഇത്രയും കോളജുകളിലായി 10 ലക്ഷം വിദ്യാർത്ഥികളുണ്ട്.

അതേസമയം, രാജ്യത്തെ എഞ്ചിനീയറിംഗ് കോളജുകളിൽ അഡ്മിഷൻ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2016-17 അധ്യയന വർഷത്തിൽ 50 ശതമാനം എഞ്ചിനീയറിംഗ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. കഴിഞ്ഞ അധ്യയന വര്‍ഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ ആകെയുള്ള 23,600 മെറിറ്റ് സീറ്റില്‍ 16,000 സീറ്റും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന സമയത്ത് അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചത് അദ്ധ്യാപകർക്ക് കൂടുതൽ തൊഴിൽ പ്രതിസന്ധി സൃഷ്ട്ടിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT