canva
Education & Career

സന്തോഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ പരിശീലിക്കേണ്ട ഒരു കാര്യം!

മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കാനുള്ള മറ്റൊരു വഴി, അവരുടെ വിജയത്തെയോ സന്തോഷത്തെയോ ഒരു പ്രചോദനമായി ഉള്‍ക്കൊള്ളുക എന്നതാണ്

Dhanam News Desk

നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ണോടിക്കുമ്പോള്‍ മറ്റുള്ളവര്‍ അവരുടെ ജീവിതം ആസ്വദിക്കുന്നത് കാണുന്നു. ഒരു വശത്ത് അവര്‍ക്കായി സന്തോഷിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുമെങ്കിലും, അറിയാതെ തന്നെ നിങ്ങളുടെ ജീവിതത്തെ അവരുമായി താരതമ്യം ചെയ്യുകയും ഒടുവില്‍ നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് തന്നെ മോശമായി തോന്നുകയും ചെയ്യുന്നു.

ഇത് നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍, അവരോട് അസൂയ തോന്നുന്നതില്‍ നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടാവുകയും നിങ്ങള്‍ ഒരു മോശം വ്യക്തിയാണെന്ന് സ്വയം വിലയിരുത്തുകയും ചെയ്തേക്കാം. തുടര്‍ന്ന് സ്വന്തം ജീവിതത്തില്‍ താന്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചു തുടങ്ങും. വൈകാതെ തന്നെ, അസുഖകരമായ ചിന്തകളുടെ ഒരു വലിയ ഒഴുക്ക് മനസിലേക്ക് കടന്നുവരികയും ചെയ്യും.

ഇതൊരു പരിചിതമായ സാഹചര്യമാണോ? ഞാനും നിങ്ങളും ഉള്‍പ്പെടെ പലരും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ആരെങ്കിലും അവരുടെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങള്‍ നിങ്ങളോട് പങ്കുവെക്കുമ്പോഴും ചിലപ്പോള്‍ ഇങ്ങനെ തോന്നാം. നമ്മുടെ മനസ് സ്വാഭാവികമായും മറ്റുള്ളവരുമായി താരതമ്യം ചെയ്യാന്‍ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്. ഇത് പലപ്പോഴും നമ്മെ കുറിച്ചുതന്നെ മോശം തോന്നാന്‍ കാരണമാകുന്നു.

എന്നാല്‍, മറ്റുള്ളവരോട് അസൂയതോന്നുന്നതിനോ, നമ്മളെക്കുറിച്ച് തന്നെ മോശമായി ചിന്തിക്കുന്നതിനോ പകരം, അവരുടെ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കാന്‍ നമ്മുടെ മനസിനെ പാകപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞാലോ? അതിനായി നിങ്ങളെ സഹായിക്കുന്ന അഞ്ച് വഴികള്‍ ഇതാ

മത്സരബുദ്ധി ഉപേക്ഷിക്കുക

കുട്ടിക്കാലം മുതല്‍ തന്നെ സ്‌കൂളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും മത്സരബുദ്ധിയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ നേരിട്ടും അല്ലാതെയും നമുക്ക് ലഭിക്കുന്നുണ്ട്. ഇത് ജീവിതം മറ്റുള്ളവരുമായുള്ള ഒരുതരം മത്സരമാണെന്ന് ചിന്തിക്കാന്‍ നമ്മുടെ ഉപബോധമനസിനെ പ്രേരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ നമ്മളിലുള്ള ഈ മത്സരബുദ്ധിയെ ഉപബോധമനസില്‍ ഉണര്‍ത്തുന്നു. ആരാണ് കൂടുതല്‍ ആസ്വദിക്കുന്നത് എന്നും ആരുടെ ജീവിതമാണ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നത് എന്നും മത്സരബുദ്ധിയോടെ താരതമ്യം നടത്തുന്നതിലേക്ക് ഇത് നയിക്കുന്നു.

കൂടുതല്‍ ലൈക്കുകള്‍, ഫോളോവേഴ്‌സ്, പണം, വലിയ വീട്, നല്ല കാര്‍, മെച്ചപ്പെട്ട പങ്കാളി, അല്ലെങ്കില്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നത് ആരാണ് തുടങ്ങി എന്തിനെച്ചൊല്ലിയും ഈ മത്സരം ഉണ്ടാകാം. സത്യമെന്തെന്നാല്‍, ജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ നമ്മളേക്കാള്‍ മെച്ചപ്പെട്ട നിലയിലുള്ള ആരെങ്കിലും എപ്പോഴും ഉണ്ടായിരിക്കും.

അതുകൊണ്ടുതന്നെ, സോഷ്യല്‍ മീഡിയയിലായാലും അല്ലെങ്കിലും ഇത്തരം മത്സരങ്ങളും താരതമ്യങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാനാണ് കൂടുതല്‍ സാധ്യത. ജീവിതത്തെ ഒരു മത്സരമായി കാണുന്നത് അവസാനിപ്പിക്കുകയും മറ്റുള്ളവരുമായി മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്യുക എന്നതാണ് അതിനുള്ള പരിഹാരം.

നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാനുള്ള ഒരു മികച്ച വഴി നിങ്ങ ളുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ ഓര്‍ക്കുക എന്നതാണ്. അതിനുള്ള ഏറ്റവും നല്ല വഴി ഒരു 'ഗ്രാറ്റിറ്റിയൂഡ് ജേര്‍ണലിങ്' ചെയ്യുകയാണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് സന്തോഷം നല്‍കിയ അഞ്ച് കാര്യങ്ങള്‍ ഒരു ബുക്കില്‍ എഴുതുക. എന്തുകൊണ്ട് അവ നിങ്ങളെ സന്തോഷിപ്പിച്ചു എന്ന് വിശദീകരിക്കുക. നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തലച്ചോറിനെ പരിശീലിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാര്‍ഗമാണിത്.

നമ്മുടെ ജീവിതത്തിലുള്ള കാര്യങ്ങളില്‍ നമുക്ക് തന്നെ ഒരു മതിപ്പ് ഉണ്ടെങ്കില്‍, സന്തോഷം തോന്നുകയും നമ്മുടെ ചുറ്റുമുള്ളവരും സന്തോഷമായിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യും.

സമയപരിധികളെ കുറിച്ച് വേവലാതിപ്പെടാതിരിക്കുക

നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ട പ്രായം, ജോലി, വിവാഹം, കുട്ടികള്‍, ജീവിതം ഒരു നിലയിലെത്തേണ്ട സമയം എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും സമൂഹം ചില സമയപരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതം എപ്പോഴും ഈ പദ്ധതികള്‍ക്ക് അനുസരിച്ചല്ലല്ലോ മുന്നോട്ട് പോകുന്നത്?

നമ്മുടെ ജീവിതവും ഈ സമയപരിധികള്‍ക്കുള്ളില്‍ തന്നെ ആയിരിക്കണമെന്ന് അമിതമായി നിര്‍ബന്ധം പിടിക്കുന്നത് നമ്മളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും.

മറ്റുള്ളവര്‍ ഈ നാഴികക്കല്ലുകള്‍ പിന്നിടുന്നത് കാണുമ്പോള്‍, നമുക്ക് അതിന് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് അസൂയ തോന്നാനും ഇത് ഇടയാക്കും.

ഇത്തരം സമയപരിധികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് നമ്മുടെ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താനും, ഇത്തരം ലക്ഷ്യങ്ങള്‍ കൃത്യസമയത്ത് കൈവരിക്കുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ സന്തോഷിക്കാനും നമ്മളെ സഹായിക്കും.

നല്ല കാര്യങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് വിചാരിക്കുക

മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കാനുള്ള മറ്റൊരു വഴി, അവരുടെ വിജയത്തെയോ സന്തോഷത്തെയോ ഒരു പ്രചോദനമായി ഉള്‍ക്കൊള്ളുക എന്നതാണ്. അവര്‍ക്ക് അത് നേടാന്‍ കഴിഞ്ഞെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കുമെന്നതിന്റെ തെളിവായി അതിനെ കാണുക. എല്ലാറ്റിനുമുപരിയായി, നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്കായും കാത്തിരിപ്പുണ്ടെന്ന് പൂര്‍ണമായി വിശ്വസിക്കുക.

സന്നദ്ധത കാട്ടുക

മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിനുള്ള സന്നദ്ധതയോ, ആഗ്രഹമോ ആണ്; കാരണം അതില്ലാതെ ഒന്നും സംഭവിക്കില്ല. മറ്റുള്ളവര്‍ക്കായി ആത്മാര്‍ത്ഥമായി സന്തോഷിക്കാന്‍ കഴിയുന്നത് പെട്ടെന്നൊരു രാത്രികൊണ്ട് സംഭവിക്കുന്ന ഒന്നായിരിക്കണമെന്നില്ല. തുടക്കത്തില്‍ അത് സ്വാഭാവികമാണെന്ന് തോന്നിയെന്നും വരില്ല. എന്നാല്‍ നിങ്ങള്‍ എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളം എളുപ്പമായിരിക്കും മറ്റുള്ളവരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നത്.

ഇതിനായി സന്നദ്ധത ഉണ്ടാകാന്‍ ഒരു കാര്യം സ്വയം ചോദിക്കുന്നത് നന്നായിരിക്കും - 'എന്റെ വിജയങ്ങളിലും നേട്ടങ്ങളിലും മറ്റുള്ളവര്‍ സന്തോഷിക്കണമെന്നാണോ, അതോ അവര്‍ക്ക് അസൂയ തോന്നണമെന്നാണോ ഞാന്‍ ആഗ്രഹിക്കുന്നത്?' ചുരുക്കത്തില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരുന്നത് നമ്മളെ ഒരു നല്ല വ്യക്തിയാക്കി മാറ്റുക മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച്, ആളുകള്‍ തങ്ങളുടെ വിജയങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT