Image Courtesy: Canva, KSEB 
Industry

കഴിഞ്ഞ വര്‍ഷം പൊട്ടിത്തെറിച്ചത് നൂറു കണക്കിന് ട്രാന്‍സ്‌ഫോര്‍മറുകള്‍! പൊരിവെയിലിനൊത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നു, വൈദ്യുതാശങ്കയില്‍ കേരളം

ഏപ്രിൽ-മെയ് മാസങ്ങളിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിക്കുമെന്ന് വിലയിരുത്തല്‍

Dhanam News Desk

വേനല്‍ക്കാലം രൂക്ഷമാകാന്‍ ആരംഭിച്ചതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റാണ്. എന്നാല്‍ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇത് ഗണ്യമായി വർദ്ധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്. 11.5 കോടി യൂണിറ്റാണ് അന്ന് രേഖപ്പെടുത്തിയത്. ചൂട് വർദ്ധിച്ചതോടെ കൂടുതൽ ആളുകൾ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നതു മൂലം പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതാണ് ഇതിനുളള കാരണങ്ങളിലൊന്ന്. ഇത്തവണയും വലിയ തോതിലുളള എ.സി വില്‍പ്പനയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇത് വൈദ്യതി ഉപഭോഗം ഈ സീസണിലും വര്‍ധിക്കാനുളള സാഹചര്യം ഒരുക്കുമെന്നാണ് കരുതുന്നത്.

ട്രാൻസ്ഫോർമറുകൾ

കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി നേരിട്ട മറ്റൊരു പ്രതിസന്ധി സംസ്ഥാനത്തുടനീളം നൂറുകണക്കിന് ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിച്ചതാണ്. ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിക്കുന്നത് കൊച്ചി പോലുള്ള നഗരങ്ങളിൽ പതിവ് പ്രശ്‌നമായിരുന്നു. ഓവർലോഡാണ് ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിക്കാനും ഫ്യൂസുകൾ കത്താനുമുളള കാരണം.

ഇതിന് പരിഹാരമെന്ന നിലയില്‍ ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവുള്ള പ്രദേശങ്ങളില്‍ 110 കെ‌.വി ട്രാൻസ്‌ഫോർമറുകൾക്ക് പകരം 160 കെ.‌വി ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാനുളള ആലോചനകളിലാണ് അധികൃതര്‍. 2,500 ഓളം പുതിയ ട്രാൻസ്‌ഫോർമറുകൾ വാങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇത്തവണയും ഏപ്രിൽ-മെയ് മാസങ്ങളിൽ കനത്ത വൈദ്യുതി ഉപഭോഗമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

600 ജിഗാവാട്ട്

അതേസമയം, ഊർജ, പരിസ്ഥിതി, ജല കൗൺസിലിന്റെ (CEEW) പുതിയ റിപ്പോർട്ടും ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ്. 2030 ഓടെ ഫോസിൽ ഇതര ഊർജ ശേഷി 600 ജിഗാവാട്ട് ആയി ഉയർത്തണമെന്നാണ് കൗൺസില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വൈദ്യുതി ക്ഷാമമാണെന്നും കൗൺസില്‍ മുന്നറിയിപ്പ് നല്‍കുന്നു. സൗരോർജത്തില്‍ നിന്ന് 377 ജിഗാവാട്ട്, കാറ്റില്‍ നിന്ന് 148 ജിഗാവാട്ട്, ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 62 ജിഗാവാട്ട്, ആണവോർജത്തില്‍ നിന്ന് 20 ജിഗാവാട്ട് എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയുടെ വൈദ്യുതോർജ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സോളാര്‍ സിസ്റ്റങ്ങള്‍ പോലുളള പുനരുപയോഗ ഊർജ മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT