Industry

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍നിന്ന് പറക്കാനൊരുങ്ങി എമിറേറ്റ്‌സ്

ഏപ്രിലില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യുഎഇയും ഇന്ത്യയും തമ്മില്‍ ആഴ്ചയില്‍ 300 ഓളം വിമാന സര്‍വീസുകളായിരുന്നു നടത്തിയിരുന്നത്

Dhanam News Desk

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായതിനെ ദുബായ് ഏര്‍പ്പെടുത്തിയ നിരോധനം ഞായറാഴ്ച നീക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയില്‍നിന്ന് പറക്കാനൊരുങ്ങി എമിറേറ്റ്‌സ്. ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ഏവിയേഷന്‍ ഭീമനായ എമിറേറ്റ്‌സ് അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഉള്‍പ്പെടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഏപ്രിലില്‍ നിര്‍ത്തിവച്ചിരുന്നു.

'ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ജൂണ്‍ 23 മുതല്‍ പുനരാരംഭിക്കും' എമിറേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോവിഡിനെതിരായ യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്ക് മാത്രമേ എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് ദുബായ് അറിയിച്ചു. കൂടാതെ 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന, നാല് മണിക്കൂറിന് മുമ്പ് റാപിഡ് പരിശോധന എന്നിവയും യാത്ര പുറപ്പെടുന്നതിന് മുമ്പ് നടത്തണം. പുറമെ, രാജ്യത്തെത്തിയാല്‍ വീണ്ടുമൊരു പിസിആര്‍ പരിശോധനയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനും വേണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് ദുബായ് വഴി പോകുന്ന ട്രന്‍സിറ്റ് യാത്രക്കാര്‍ക്കാരെ കുറിച്ച് ദുബായ് അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല.

ഏപ്രിലില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യുഎഇയും ഇന്ത്യയും തമ്മില്‍ ആഴ്ചയില്‍ 300 ഓളം വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. എയര്‍ ഇടനാഴി ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായിരുന്നു ഇത്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന 33 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT