പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ഇ.പി.എഫ്.ഒ (EPFO) വരിക്കാര്‍ക്കായി വാട്സാപ്പ് അധിഷ്ഠിത സേവനങ്ങള്‍ക്ക് തുടക്കമിട്ടു. കേന്ദ്ര തൊഴില്‍-ഉദ്യോഗമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വാട്സാപ്പ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം പ്രവര്‍ത്തനരഹിതമായ (Inoperative) അര്‍ഹമായ പിഎഫ് അക്കൗണ്ടുകളിലെ തുക സ്വയം സെറ്റില്‍ ചെയ്യുന്ന രീതിക്കും തുടക്കമായി.
ഇ.പി.എഫ്.ഒയുടെ 74-ാം സ്ഥാപക ദിനാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനങ്ങള്‍. വരിക്കാര്‍ക്ക് ദിവസേനയുള്ള സേവനങ്ങള്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ വഴി വേഗത്തില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇ.പി.എഫ്.ഒയുടെ വെരിഫൈഡ് വാട്സാപ്പ് നമ്പര്‍ വഴി വരിക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ :
* പിഎഫ് ബാലന്‍സ് പരിശോധന
* അവസാനത്തെ 5 ഇടപാടുകളുടെ വിവരങ്ങള്‍
* പാസ്ബുക്ക് വിവരങ്ങള്‍
* PMVBRY സംബന്ധിച്ച വ്യക്തിഗത സഹായവും നിര്‍ദേശങ്ങളും
ആധാര്‍ വെരിഫൈ ചെയ്തതും 1,000 രൂപ വരെ ബാലന്സുള്ളതുമായ പ്രവര്‍ത്തനരഹിതമായ പിഎഫ് അക്കൗണ്ടുകള്‍ക്കാണ് ഓട്ടോമാറ്റിക് സെറ്റില്‍മെന്റ് സൗകര്യം ലഭ്യമാകുക. ഇത്തരം അക്കൗണ്ടുടമകള്‍ പ്രത്യേകം ക്ലെയിം സമര്‍പ്പിക്കേണ്ടതില്ല.
ഐഡന്റിറ്റിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച ശേഷം ഇ.പി.എഫ്.ഒ നേരിട്ട് തുക അര്‍ഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. ഏകദേശം ഒരു ലക്ഷത്തോളം അക്കൗണ്ടുകളിലായി കിടക്കുന്ന 5 കോടി രൂപ ഈ തീരുമാനത്തിലൂടെ ഉടമകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
74 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി ഇ.പി.എഫ്.ഒ മാറിയെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 8 കോടിയിലധികം വരുന്ന അംഗങ്ങളുടെ സംഭാവനയിലൂടെ 32 ലക്ഷം കോടി രൂപയുടെ വലിയൊരു ഫണ്ട് ഇ.പി.എഫ്.ഒ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത് സ്ഥാപനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിന്റെ ഭാഗമായി നിയമ ബോധവല്‍ക്കരണം, compassionate governance, സ്ഥാപനപരമായ പഠനം എന്നിവ ലക്ഷ്യമിട്ട് ഏഴ് പ്രസിദ്ധീകരണങ്ങളും മന്ത്രി പ്രകാശനം ചെയ്തു. 75-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍-സൗഹൃദ നവീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
Union Minister Mansukh Mandaviya introduces WhatsApp-based PF services and auto-settlement for inactive accounts up to Rs 1,000 on EPFO's 74th Foundation Day.
Read DhanamOnline in English
Subscribe to Dhanam Magazine